ദില്ലി : ബെംഗളൂരു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ പരമശിവന്റെ കഴുത്തിലെ പാമ്പാണെന്നും രാജ്യത്തെ ജനങ്ങളാണ് തനിക്ക് ദൈവത്തിന്റെ രൂപമാണെന്നും മോദി പറഞ്ഞു. ഈശ്വരന്റെ കഴുത്തിലെ പാമ്പിനോട് ഉപമിച്ചപ്പോൾ താൻ ആസ്വദിച്ചെന്നും മോദി പറഞ്ഞു. കോലാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടിയാണെന്നും മോദി ആരോപിച്ചു. 85 ശതമാനം കമ്മീഷൻ വാങ്ങുന്ന പാർട്ടിയാണ് കോൺഗ്രസ്. ‘ഷാഹി പരിവാറിനും’ (രാജകുടുംബം) കോൺഗ്രിസിനോടും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടാൻ കാരണമുണ്ട്. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയാണ് കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട് ഉണ്ടായത്. ദില്ലിയിൽ നിന്ന് ഒരു രൂപ അയച്ചാൽ 15 പൈസ ജനങ്ങളിലക്കും ബാക്കി കമ്മീഷനുമാണെന്ന് കോൺഗ്രസിന്റെ ഭരണകാലത്ത് ഉന്നത നേതാവും പ്രധാനമന്ത്രിയും അഭിമാനത്തോടെ പറയുമായിരുന്നുവെന്നും മോദി പറഞ്ഞു. 85 ശതമാനം കമ്മീഷൻ തട്ടുന്ന കോൺഗ്രസിന് ഒരിക്കലും കർണാടകയുടെ വികസനത്തിനായി പ്രവർത്തിക്കാനാകില്ലെന്നും മോദി കുറ്റപ്പെടുത്തി.
കോലാറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു, ഇത് ബിജെപിയുടെ ആരോപണമല്ല, മറിച്ച് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രിയുടെ പൊതു സ്വീകാര്യതയാണ്, 85 ശതമാനം കമ്മീഷൻ കഴിക്കുന്ന കോൺഗ്രസിന് ഒരിക്കലും കർണാടകയുടെ വികസനത്തിനായി പ്രവർത്തിക്കാനാവില്ലെന്നും മോദി ആരോപിച്ചു.
കരാറുകാരിൽ നിന്ന് 40 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്നാരോപിച്ച് ബിജെപിക്കെതിരെ കോൺഗ്രസ് ശക്തമായ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപി സർക്കാർ അയക്കുന്ന തുകയുടെ നൂറ് ശതമാനവും ഗുണഭോക്താവിലേക്ക് എത്തുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ വിവിധ പദ്ധതികളിലായി 29 ലക്ഷം കോടി രൂപ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തി. 85 ശതമാനം കമ്മീഷൻ വാങ്ങുന്ന കോൺഗ്രസ് തുടർന്നിരുന്നെങ്കിൽ ഇതിൽ 24 ലക്ഷം കോടി രൂപ പാവപ്പെട്ടവരിലേക്ക് എത്തില്ലായിരുന്നുവെന്നും ഒമ്പത് വർഷം മുമ്പ് ബിജെപി അധികാരത്തിൽ വന്ന് കമ്മീഷൻ സംസ്കാരം നിർത്തലാക്കിയെന്നും മോദി പറഞ്ഞു.