പയ്യോളി : പൊതുവിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് പയ്യോളി ടൌണിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. പയ്യോളിയിലെ ഹോട്ടലുകളിലും, ബേക്കറികളിലും പൊതുമാര്‍ക്കറ്റിലുമാണ് പരിശോധന നടത്തിയത്.
ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടയും വിലക്കയറ്റം , കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, മറിച്ചു വില്പന ,ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആണ് പരിശോധന നടത്തിവരുന്നത്.
വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത ഏഴ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനയില്‍ റേഷനിംങ് ഇന്‍സ്പെക്ടര്‍മാരായ ഒ കെ നാരായണന്‍ , സുനില്‍ കുമാര്‍ എസ്, ശ്രീനിവാസന്‍ പുളിയുള്ളതില്‍,ബൈജു പി കെ എന്നിവരും പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വില നിലവാരം പിടിച്ചുനിര്‍ത്തുന്നതിനാണ് പരിശോധനകള്‍ നടത്തുന്നതെന്നും തുടര്‍ന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത് അറിയിച്ചു.