രാഹുലിന്‍റെ നിർണായക നീക്കം, പരാതിക്കാരനും കീഴ്കോടതി വിധികൾക്കുമെതിരെ സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം നൽകി

news image
Aug 2, 2023, 2:18 pm GMT+0000 payyolionline.in

ദില്ലി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിർണായക നീക്കം. സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പരാതിക്കാരനെതിരെ നിരവധി കാര്യങ്ങളാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടിയിട്ടുള്ളത്. പരാതിക്കാരൻ നിയമത്തെ ദുരുപയോഗം ചെയ്യുന്നു, തന്നെ മാപ്പ് പറയാനായി നിർബന്ധിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ രാഹുൽ, സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല കീഴ്കോടതി വിധികൾക്കെതിരെയും എതിർ സത്യവാങ്മൂലത്തിൽ രാഹുൽ വിമ‍ർശനം ഉന്നയിച്ചിട്ടുണ്ട്. കീഴ്കോടതി നടപടികൾ മുൻക്കാല സുപ്രിം കോടതി വിധികൾക്ക് വിരുദ്ധമെന്നാണ് രാഹുൽ ചൂണ്ടികാട്ടിയിരിക്കുന്നത്. കേസ് പരിഗണിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

അതേസമയം അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം നീളുകയാണ്. കേസ് ജൂലൈ 21 ന് പരിഗണിച്ച  സുപ്രീംകോടതി, രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ അനുവദിച്ചിട്ടില്ല. എന്നാൽ പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും നോട്ടീസയച്ചിരുന്നു. പത്തു ദിവസത്തിനകം മറുപടി നൽകണം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയാണ് കോടതി പരാതിക്കാരനോടും ഗുജറാത്ത് സർക്കാരിനോടും മറുപടി ആവശ്യപ്പെട്ടത്.

2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച്  ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. ഈ പരാമർശത്തെ തുടർന്ന് ഗുജറാത്തിലെ ബി ജെ പി നേതാവ് പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe