കൊൽക്കത്ത: പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഈഗോ ഉണ്ടാകില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.
നിതീഷ് കുമാറിനൊപ്പം ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമുണ്ടായിരുന്നു. സഖ്യം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മമത പറഞ്ഞു. കള്ളങ്ങൾ പറഞ്ഞ് വ്യാജ വീഡിയോകൾ ഉണ്ടാക്കി മാധ്യമങ്ങളുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിൽ വന്നത്. ബിജെപിയെ സീറോ ആക്കും. നിതീഷ് കുമാർ ചർച്ചക്ക് എത്തിയത് സന്തോഷം. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുവെന്നും മമത വ്യക്തമാക്കി.