പയ്യോളി: പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡും നഗരസഭയുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതി വിഹിതവും ഉപയോഗിച്ച് പയ്യോളി ബീച്ച് ആരോഗ്യ കേന്ദ്രത്തിൽ അനുവദിച്ച വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീക്ക് നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തീരദേശ വാസികളുടെ ചിരകാല സ്വപ്നമായ വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം നാട്ടിന്റെ ഉത്സവമാക്കി മാറ്റാൻ തീരദേശ വാസികൾ ഒരുങ്ങിക്കഴിഞ്ഞു.
ഉദ്ഘാടന ചടങ്ങിനോടാനുബന്ധിച്ചു കുടുംബശ്രീ പ്രവർത്തകർ സന്നദ്ധ സംഘടന പ്രവർത്തകർ നാട്ടുകാർ എന്നിവർ അണിനിരക്കുന്ന ഘോഷയാത്ര, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടാകും. ധനകാര്യകമ്മീഷൻ ഗ്രാൻഡ് 90ലക്ഷം രൂപയാണ് നഗരസഭക്ക് അനുവദിച്ചത്. നഗരസഭയിൽ മൂന്ന് വെൽനെസ്സ് സെന്ററുകളാണ് സ്ഥാപിക്കുന്നത്. തീരദേശത്തു ഫിഷറീസ് സ്കൂളിന് സമീപമുള്ള സ്വന്തം കെട്ടിടത്തിൽ ആണ് 14ന് ഉദ്ഘാടനം ചെയ്യുന്നത്. അയനിക്കാട്, കിഴുർ നെല്ലിയേരി മണിക്കോത്ത് എന്നിവിടങ്ങളിലാണ് മറ്റു രണ്ട് എണ്ണം. പത്രസമ്മേളനത്തിൽ പി.എം ഹരിദാസൻ, പി.എം റിയാസ്, വി.കെ അബ്ദുറഹിമാൻ, അൻസില, ഷംസു, എ.പി റസാഖ്, പി.എം അഷ്റഫ്, എ.സി സുനൈദ് പങ്കെടുത്തു.