പയ്യോളി : നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പത്മശ്രീ പള്ളി വളപ്പിൽ വിജയിച്ചു. 21 അംഗങ്ങളുള്ള യുഡിഎഫിലെ 20 അംഗങ്ങളുടെ വോട്ടാണ് ഇവർക്ക് ലഭിച്ചത്. ഒരു ലീഗ് കൗൺസിലറുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരെഴുതി ഒപ്പിടണം എന്നാണ് ചട്ടം. എന്നാൽ ഒപ്പിടാത്തത് കാരണമാണ് ലീഗ് കൗൺസിലർ എസി സുനൈദിന്റെ വോട്ട് അസാധുവായത്.
നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചതുപോലെ ബിജെപി കൗൺസിലർ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാതെ മാറിനിന്നു.കഴിഞ്ഞ രണ്ടര വർഷം പയ്യോളിൻ നഗരസഭാ വൈസ് ചെയർമാൻ പദവിയിലിരുന്ന സിപി ഫാത്തിമയാണ് യുഡിഎഫ് സ്ഥാനാർത്ഥി പത്മശ്രീ പള്ളി വളപ്പിലിന്റെ പേര് നിർദ്ദേശിച്ചത്. കോൺഗ്രസ് കൗൺസിലർ രേവതി തുളസിദാസ് പിന്താങ്ങി.
പതിനാലാം ഡിവിഷൻ കൗൺസിലർ സിപിഎമ്മിലെ ഷൈമ മണന്തലയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്ത് വന്നത്. സിപിഎമ്മിലെ എൻ പി ആതിരയാണ് ഇവരുടെ പേര് നിർദ്ദേശിച്ചത്. ഷൈമ ശ്രീജു പിന്താങ്ങി. തുടർന്ന് നടന്ന ചടങ്ങിൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ വൈസ് ചെയർ പേഴ്സണായി അധികാരമേറ്റ പത്മശ്രീ പള്ളി വളപ്പിൽ സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അതേ ഹാളിൽ പുതിയ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗവും ചേർന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർമാനും വൈസ് ചെയർപേഴ്സണും മുതിർന്ന അംഗങ്ങൾ ആശംസകൾ അർപ്പിച്ചു.