വാഗാഡ് വാഹനങ്ങൾക്ക് ഇനി കർശന പരിശോധന : കൊയിലാണ്ടിയിലെ ഡിവൈഎഫ്ഐ സമരം ഒത്തുതീർന്നു

news image
Aug 18, 2023, 10:32 am GMT+0000 payyolionline.in
കൊയിലാണ്ടി:  ദേശീയപാതയുടെ നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വഗാഡ് കമ്പനിയുടെ വാഹനങ്ങൾ കൊയിലാണ്ടിയിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസം മുത്താമ്പിയിൽ വാഹനത്തിന്റെ ടയർ ഊരി തെറിച്ച് മരുതൂർ സ്വദേശി കല്യാണി കുട്ടി അമ്മ മരിച്ചിരുന്നു. കൊല്ലത്തും കോമത്ത് കരയിലും നടന്ന സംഭവത്തിൽ മറ്റ് രണ്ട് പേർ കൂടി അപകടത്തില്‍ മരിക്കുകയും  വിവിധ സ്ഥലങ്ങളിലായി നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്ത സാഹചര്യത്തിൽ ആണ് ഡി.വൈ.എഫ്.ഐ. ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വാഹനങ്ങൾ തടഞ്ഞത്.
നമ്പർ പ്ലേറ്റും ഇൻഷുറൻസും ഇല്ലാതെ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് ലൈസെൻസും ഇല്ല. ഇവര്‍  പൂർണ്ണ ലഹരിയിലും ആണ്. ഇത്തരം വാഹനങ്ങൾ ആണ് കൊയിലാണ്ടിയിൽ നിരന്തരമായി അപകടങ്ങൾ സൃഷ്ട്ടിക്കുന്നത്.  ഇന്നലെ നടന്ന സമരത്തിന്റെ ഭാഗമായി മുനിസിപ്പൽ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ജന പ്രതിനിധികൾ, ആർ.ടി.ഒ. പോലീസ് അധികാരികൾ അധാനി ഗ്രൂപ്പ്‌ പ്രതിനിധികൾ വഗാഡ്  ഗ്രൂപ്പ്‌ പ്രതിനിധികൾ സിപിഎം ഏരിയ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി. പി ബബീഷ്, ബ്ലോക്ക്‌ സെക്രട്ടറി എൻ. ബിജീഷ്, ബ്ലോക്ക്‌ പ്രസിഡന്റ്‌ സതീഷ് ബാബു, കെ ടി സിജേഷ് എന്നിവർ പങ്കെടുത്തു. പോലീസും ആർ ടി.ഒ.യും പരിശോധിച്ച് ഫിറ്റ്നസ് ഉള്ള വാഹനങ്ങൾ മാത്രമേ റോഡിൽ ഇറങ്ങുകയുള്ളു, വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർ മാർക്ക് ലൈസൻസും ലഹരി ഉപയോഗിക്കുന്നില്ല എന്ന് പോലീസ് ഉറപ്പ് വരുത്തും, അപകടത്തിൽ മരണപ്പെട്ടവർക്ക് വഗാഡ് നഷ്ട്ട പരിഹാരം നൽകും എന്നീ കാര്യങ്ങളിൽ ധാരണയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe