നിപ മരുന്ന് വിവാദത്തിൽ പ്രതികരിച്ച് ചികിത്സിച്ച ഡോക്ടർ; ‘നിപ മരണങ്ങൾക്ക് റെംഡെസിവർ മരുന്ന് ഉപയോഗവുമായി ബന്ധമില്ല’

news image
Oct 30, 2026, 7:03 am GMT+0000 payyolionline.in

കോഴിക്കോട്: 2023ന് ശേഷമുള്ള നിപ മരണങ്ങൾക്ക് റെംഡെസിവർ മരുന്ന് ഉപയോഗവുമായി ബന്ധമില്ലെന്ന് നിപ രോഗികളെ ചികിത്സിച്ച ഡോ. അനൂപ് കുമാർ എ എസ്. ഈ കാലയളവിൽ മരിച്ച ആറ് പേർക്കും ഈ മരുന്ന് നൽകിയിട്ടില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ആറിൽ നാല് പേർക്കും മരിച്ചതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് രണ്ട് പേർക്ക് മരുന്ന് നൽകാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കി. റാംഡെസിവറിന് രണ്ട് വർഷമാണ് കാലാവധിയെന്നും കാലാവധി കഴിഞ്ഞ മരുന്ന് ചികിത്സക്ക് ഉപയോഗിച്ചോ എന്നത് അറിയില്ലെന്നും അനൂപ് പറഞ്ഞു.

അതേസമയം, നിപ മരുന്ന് വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ രംഗത്ത് വന്നു. ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയമുണ്ടെന്ന് സൂപ്രണ്ട് നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാനുഫാക്ചറിങ് ഡേറ്റും എക്സ്പയറി ഡേറ്റും രേഖപ്പെടുത്തേണ്ടതാണ് എങ്കിലും മാനുഫാക്ചറിംഗ് ഡേറ്റ് ഇല്ലാത്ത മരുന്ന് ആയിരുന്നു എത്തിയത്.

കഴിഞ്ഞ സർക്കാരിൻറെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി ആയിരുന്നു കൂടുതൽ ഇടപാടുകൾ നടന്നത്. ഇതിൽ ആരെല്ലാം ഇടനിലക്കാരായി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരും. പ്രതിപക്ഷ നേതാവ് തനിക്ക് അയച്ച കത്തിൽ വില കുറഞ്ഞ മരുന്ന് കൊടുക്കരുത് എന്ന് മാത്രമേ പറയുന്നുള്ളൂ എന്നും ക്ലിനിക്കൽ ട്രയലിനെ കുറിച്ചുള്ള പരാമർശമൊന്നും കത്തിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe