പയ്യോളി : മത്സരപരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട സംഭവത്തിൽ 43-കാരൻ അറസ്റ്റിൽ. പയ്യോളി സ്വദേശിയായ വിമൽ കുമാറിനെയാണ് കണ്ണൂർ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 23-നായിരുന്നു കേസിനാസ്പദമായ സംഭവം. മുഴക്കുന്ന് സ്വദേശിയായ പ്രാദേശിക രാഷ്ട്രീയ നേതാവ് മത്സരപരീക്ഷയിൽ വിജയം നേടിയ പെൺകുട്ടിയെ അഭിനന്ദിച്ച് ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെയാണ് വിമൽ കുമാർ അശ്ലീലവും വിദ്വേഷവും നിറഞ്ഞ പരാമർശങ്ങൾ നടത്തിയത്. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിമൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
