വടകര: എടോടിയിൽ മുനിസിപ്പൽ പാർക്ക് റോഡിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മധ്യവയസ്കൻ മരിച്ചു. കീഴൽ സ്വദേശി അശോകൻ (56) ആണ് മരിച്ചത്. മുനിസിപ്പൽ പാർക്കിന് സമീപത്തെ ഹോട്ടൽ ജീവനക്കാരനായ അശോകൻ പാർക്ക് റോഡരികിലെ ഇരുനില കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ഉണങ്ങാനിട്ട തുണികൾ എടുക്കാൻ പോയപ്പോൾ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഏറെ സമയം കഴിഞ്ഞിട്ടും അശോകനെ കാണാത്തതിനെ തുടർന്ന് ഭാര്യ വിജയലക്ഷ്മി തിരക്കി ചെന്നപ്പോഴാണ് താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
