ക്യാൻസർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ വില കുത്തനെ കുറഞ്ഞേക്കും; കേന്ദ്രം നടപടിയിലേക്ക്

news image
Oct 9, 2026, 5:21 am GMT+0000 payyolionline.in

ന്യൂഡൽഹി: ക്യാൻസർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകളുടെ വിപണിയിലെ ഭീമമായ ലാഭവിഹിതം (ട്രേഡ് മാർജിൻ) പരിമിതപ്പെടുത്തി മരുന്നുവില കുത്തനെ കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം. സുപ്രീം കോടതി ഉന്നയിച്ച കടുത്ത വിമർശനങ്ങൾക്കു പിന്നാലെയാണ് ഈ വിഷയം ചർച്ചയായത്. വിതരണക്കാർക്ക് ലഭിക്കുന്ന വിലയിൽനിന്ന് റീട്ടെയ്ൽ വ്യാപാരികൾ ഈടാക്കുന്ന ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്താനാണ് നിർദേശം. ഇതോടെ പേറ്റന്റ് ഉള്ളവ ഉൾപ്പെടെ ഉയർന്ന വിലയുള്ള ക്യാൻസർ മരുന്നുകളുടെ പരമാവധി വിൽപ്പനവിലയിൽ (MRP) 70 ശതമാനം വരെ കുറവുണ്ടായേക്കും.

​മരുന്നുകളുടെ ഉയർന്ന ലാഭവിഹിതം നിയന്ത്രിക്കുന്നതിനായി 2019-ൽ 42 ക്യാൻസർ മരുന്നുകളിൽ നടപ്പാക്കിയ പൈലറ്റ് പദ്ധതിയുടെ വ്യാപിപ്പിച്ച രൂപമാണിത്. കൂടുതൽ വിലയേറിയ ക്യാൻസർ മരുന്നുകളെയാണ് കേന്ദ്രം പ്രധാനമായും ലക്ഷ്യമിടുന്നത്. ചെറിയൊരു ശതമാനം അധിക മാർജിൻ പോലും രോഗികൾക്ക് നൽകേണ്ടിവരുന്ന തുകയിൽ വൻ വർധനവുണ്ടാക്കുന്നതിനാലാണ് ഈ തീരുമാനം. മരുന്നുകളുടെ പട്ടിക തയ്യാറാക്കാൻ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ അംഗീകാരമുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ക്യാൻസർ മരുന്നുകളാകും പട്ടികയിൽ ഉൾപ്പെടുക. അടുത്ത 10 ദിവസത്തിനകം ഇതുസംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​2,700 രൂപയ്ക്ക് വിതരണക്കാർ നൽകുന്ന മരുന്നുകൾക്ക് 27,000 രൂപ വരെ എം.ആർ.പി. (MRP) ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 10 ഇരട്ടി വരെ വില കൂട്ടി വിൽക്കുന്നത് കാടത്തമാണെന്ന് വ്യക്തമാക്കിയ കോടതി, മരുന്നുകൾക്ക് പരമാവധി 16 ശതമാനം മാർജിൻ നിശ്ചയിക്കുന്ന കാര്യം പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, കുറഞ്ഞ വിലയിലുള്ള മരുന്നുകൾക്കും ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയാൽ കമ്പനികൾ അവ നിർമിക്കാനോ വിപണിയിലെത്തിക്കാനോ മടിച്ചേക്കാമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe