തിക്കോടി: തിക്കോടിയിൽ ദേശീയപാത ബൈപ്പാസ് മേൽപ്പാലത്തിന് മുകളിൽ വീണ്ടും ബസ് യാത്രക്കാരെ വഴിയിലിറക്കിവിടാൻ ശ്രമം. വടകര – തലശ്ശേരി റൂട്ടിലോടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിലാണ് സംഭവം. യാത്രക്കാർ ഒന്നടങ്കം പ്രതിഷേധിച്ചതോടെ ബസ്സ് പുറകോട്ട് എടുപ്പിച്ച് സർവീസ് റോഡ് വഴി ടൗണിലെത്തിച്ച് യാത്രക്കാരെ ഇറക്കേണ്ടിവന്നു.
ഇന്ന് രാവിലെ 11.30-ഓടെയായിരുന്നു സംഭവം. കൊയിലാണ്ടിയിൽ നിന്നും തിക്കോടിയിലേക്ക് ടിക്കറ്റെടുത്ത ശൈലേഷ് എന്ന യാത്രക്കാരനെയും രണ്ട് മുതിർന്ന പൗരന്മാരെയുമാണ് ബസ്സ് ജീവനക്കാർ തിക്കോടി ടൗണിന് സമീപം ബൈപ്പാസ് പാലത്തിന് മുകളിൽ നിർത്തി ഇറങ്ങാൻ ആവശ്യപ്പെട്ടത്. എന്നാൽ അപകടകരമായ രീതിയിൽ മേൽപ്പാലത്തിൽ ഇറങ്ങാൻ യാത്രക്കാർ വിസമ്മതിച്ചു.
മുൻപ് ഇതേസ്ഥലത്ത് യുവതിയെ ബസ്സുകാർ ഇറക്കിവിട്ടപ്പോൾ നാട്ടുകാർ കോണി വെച്ച് താഴെയിറക്കേണ്ടി വന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. നന്തിയിലെ ഗതാഗതക്കുരുക്ക് കാരണം ബൈപ്പാസ് കയറിയതാണെന്നും തിക്കോടി ടൗണിൽ തന്നെ ഇറക്കണമെന്നും യാത്രക്കാർ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ വഴങ്ങിയ ബസ്സ് ജീവനക്കാർ മേൽപ്പാലത്തിൽ നിന്നും വാഹനം പുറകോട്ട് എടുത്ത്, സർവീസ് റോഡിലൂടെ തിക്കോടി ടൗണിലെത്തിച്ച് യാത്രക്കാരെ ഇറക്കുകയായിരുന്നു.
