തിരുവനന്തപുരം: തലസ്ഥാന നഗരിയിലും മലബാറിന്റെ കേന്ദ്രമായ കോഴിക്കോട്ടും ഏറെക്കാലമായി ജനങ്ങൾ കാത്തിരിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികൾ യു.ഡി.എഫ് സർക്കാർ നടപ്പാക്കും. അടിസ്ഥാനസൗകര്യ വികസനത്തിൽ ഇരു നഗരങ്ങളെയും മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ധനമന്ത്രിയുടെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കാലാകാലങ്ങളായി മുൻ സർക്കാരുകൾ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുക്കുകയും എന്നാൽ പ്രായോഗിക തലത്തിൽ നടപ്പാക്കാൻ സാധിക്കാതെ പോവുകയും ചെയ്ത പദ്ധതിയാണിത്. വികസന മുരടിപ്പ് മാറ്റി ഇരു നഗരങ്ങളിലെയും യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാൻ ലൈറ്റ് മെട്രോയിലൂടെ ഈ സർക്കാരിന് സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുൻഗണനാ ക്രമത്തിൽ പ്രാരംഭ നടപടികൾ വേഗത്തിലാക്കാനാണ് ബജറ്റിലെ ഈ സാമ്പത്തിക വിഹിതം ഉപകരിക്കുക.
