മലപ്പുറം: കുടുംബ വഴക്കിനെ തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ഒമ്പത് വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ കൈപ്പിനി കവല പാർട്ടിക്കുന്നിലാണ് സംഭവം. 35 റിങ്ങുകളുള്ള ആഴമേറിയ കിണറ്റിൽ വീണിട്ടും കുട്ടി പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭർത്താവുമായി ഉണ്ടായ കടുത്ത കലഹത്തിനൊടുവിലാണ് മാതാവ് മകളെ കിണറ്റിലേക്ക് തള്ളിയിട്ടത്.
മകളോട് കിണറ്റിലെ മീൻ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും പെട്ടെന്ന് കിണറ്റിലേക്ക് തള്ളുകയുമായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. സംഭവം നേരിട്ട് കണ്ട അയൽവാസികൾ നിമിഷങ്ങൾക്കകം കിണറ്റിലേക്ക് കോണി ഇറക്കിക്കൊടുത്തു. കുട്ടി ഈ കോണിയിൽ പിടിച്ച് കിടന്നു. തൊട്ടുപിന്നാലെ ബന്ധുവായ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ ചേർത്തുപിടിച്ച് മോട്ടോർ പൈപ്പിൽ താങ്ങിനിർത്തുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നിലമ്പൂരിൽ നിന്ന് അഗ്നിരക്ഷാസേന ഉടൻ തന്നെ സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തക്ക സമയത്തെ ഇടപെടലിലൂടെ കുട്ടിയെയും കിണറ്റിലിറങ്ങിയ ബന്ധുവിനെയും സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി. അമ്മയ്ക്ക് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറഞ്ഞു. പോത്തുകല്ല് പൊലീസ് സ്ഥലത്തെത്തി കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അമ്മയെ അറസ്റ്റ് ചെയ്തു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ കോഴിക്കോട് ജയിലിലേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
