വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ആരംഭിച്ച് എസ്ഐടി. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും. കേസിൽ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവർത്തകൻ സി കെ കാസിമിന്റെയും മൊഴിയെടുക്കും. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരമെന്ന് അന്വേഷണ ചുമതലയുള്ള റൂറൽ എസ് പി ടി ഫറാഷ് പറഞ്ഞു. ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ പൂർണ്ണമായ ഫലം ലഭിച്ചിട്ടില്ല. എസ്ഐടിയുടെ ആദ്യയോഗം വടകരയിൽ പൂർത്തിയായി.
കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എം.എൽ.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരുന്നു. വടകര ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു ആരോപണം.
തുടരന്വേഷണത്തിൽ സിപിഐഎം അനുകൂല സൈബർ പേജുകളിലാണ് സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്ന് കണ്ടെത്തി. ഡിവൈഎഫ്ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണന്റെ ഫോണിൽ നിന്നാണ് ആദ്യം സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, ഇതിൽ തുടർനടപടികളുണ്ടായില്ല. പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.
