വടകര: കൊടുംചൂടിൽ സംസ്ഥാനം വെന്തുരുകുന്നതിനിടെ വടകര വളയത്ത് അംഗൻവാടി അധ്യാപികയ്ക്ക് സൂര്യാഘാതമേറ്റു. വളയം സ്വദേശിനിയായ അനിലയ്ക്കാണ് പൊള്ളലേറ്റത്. ഇവരുടെ കൈത്തണ്ടയിൽ സൂര്യപ്രകാശമേറ്റ് തൊലിപ്പുറത്ത് സാരമായ പൊള്ളലുകളുണ്ടായി. അനില ആശുപത്രിയിൽ ചികിത്സ തേടി.
സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ (Heat Wave) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ പള്ളിപ്പൊയിലിൽ കിണർ തൊഴിലാളിയായ സനൽ എന്ന യുവാവ് സൂര്യാഘാതമേറ്റ് മരിച്ചത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ശരീരത്തിലെ താപനില ക്രമാതീതമായി ഉയരുന്നതിനെത്തുടർന്ന് സ്വാഭാവികമായ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുന്നതാണ് സൂര്യാഘാതത്തിന് കാരണമാകുന്നത്. ഇത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെപ്പോലും ബാധിക്കാവുന്ന ഗുരുതരമായ അവസ്ഥയാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
