പള്ളിക്കര: നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, അഷ്ടമിരോഹിണി ആഘോഷം എന്നിവയുടെ ഫണ്ട് സമാഹരണത്തിന് തുടക്കമായി. ഫണ്ട് സമാഹരണത്തിന്റെ ആദ്യസംഭാവന ശ്രീ. രൂപേഷ് കുമാർ തിക്കോടിയിൽ നിന്ന് ക്ഷേത്രം പ്രസിഡന്റ് ശ്രീ. പി.പി. ജനാർദ്ദനൻ നായർ സ്വീകരിച്ചു. ചടങ്ങിൽ ക്ഷേത്രം വർക്കിങ്ങ് പ്രസിഡന്റ് ഒ.പി. രവീന്ദ്രൻ, സെക്രട്ടറി പി. വിനോദ്, ആഘോഷ കമ്മറ്റി ചെയർമാൻ ശ്രീശൻ കിഴൂർ, കൺവീനർ പി.ആർ.കെ. ദിനേശൻ, വനിതാവേദി പ്രസിഡന്റ് ശ്യാമള ടീച്ചർ, വനിതാവേദി സെക്രട്ടറി പ്രസീത മുത്താറ്റിൽതാഴ തുടങ്ങിയവർ സംസാരിച്ചു.
ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 2 വരെ ബ്രഹ്മശ്രീ പാലാഞ്ചേരി നവീൻ ശങ്കർ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 2-ന് രാത്രി 7.30-ന് സൂര്യ ഇവൻസ് കാലിക്കറ്റ് ഒരുക്കുന്ന ഗാനമേളയും, സെപ്റ്റംബർ 3-ന് വൈകീട്ട് 6.30-ന് ക്ഷേത്ര വനിതാവേദി പ്രവർത്തകർ അവതരിപ്പിക്കുന്ന കോൽക്കളിയും കൈകൊട്ടിക്കളിയും അരങ്ങേറും. അഷ്ടമിരോഹിണി ദിവസമായ സെപ്റ്റംബർ 4-ന് രാവിലെ കുമാരി ശിവഗംഗ നാഗരാജിന്റെ സോപാനസംഗീതവും നൈവാരണി ഭജനസമിതിയുടെ ഭജനയും ഉണ്ടായിരിക്കും. തുടർന്ന് വൈകീട്ട് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാറും കൂട്ടരും അവതരിപ്പിക്കുന്ന തായമ്പകയും, രാത്രി 8.30-ന് പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും കോമഡി സ്കിറ്റും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
