തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിൽ നടുങ്ങി നാട്. വൻ ശബ്ദത്തോടെയുള്ള സ്ഫോടനം കേട്ടപ്പോൾ ഭൂകമ്പമാണെന്നാണ് കരുതിയതെന്ന് വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ വി.എൻ. സുരേന്ദ്രൻ പറഞ്ഞു. കിലോമീറ്ററുകൾ ദൂരേക്ക് പ്രകമ്പനം അനുഭവപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. തുടർന്ന് തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായതോടെ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. പടക്ക നിർമ്മാണ ശാലയിൽ നാൽപ്പതിലധികം തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തുനിന്ന് ശരീരാവശിഷ്ടങ്ങൾ മാത്രമാണ് നിലവിൽ പുറത്തെത്തിക്കാൻ കഴിയുന്നതെന്നും ഇത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുവെന്നും ചെയർപേഴ്സൺ പറഞ്ഞു.
കരിമരുന്ന് ശേഖരം പൂർണ്ണമായും കത്തിനശിച്ചു
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനുമായി തിരുവമ്പാടി വിഭാഗം കരുതിവെച്ചിരുന്ന കരിമരുന്ന് ശേഖരമാണ് അപകടത്തിൽപ്പെട്ടത്. കനത്ത ചൂടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ നിരവധി വീടുകളുടെ ജനൽചില്ലുകൾ തകരുകയും കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
തൃശൂർ, പാലക്കാട് ജില്ലകളിലെ മുഴുവൻ ഫയർ യൂണിറ്റുകളോടും ഉദ്യോഗസ്ഥരോടും സംഭവസ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആറ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. അപകടത്തിൽപ്പെട്ട തൊഴിലാളികളെല്ലാം മലയാളികളാണെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. നിലവിൽ സ്ഫോടന ശബ്ദങ്ങൾ നിലച്ചതോടെ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
