കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം. മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനൽ അടിച്ചുതകർത്തു. കാറിന് തീയിട്ടു. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബവും പുറത്തേക്ക് ഇറങ്ങിയത്. തുടർന്ന് തീ അണയ്ക്കാൻ ശ്രമവും നടത്തി. ആക്രമണം നടത്തിയത് പ്രദേശത്തെ സിപിഐഎം പ്രവർത്തകരാണ് എന്നാണ് പുരുഷോത്തമൻ ആരോപിക്കുന്നത്.
പയ്യന്നൂർ മണ്ഡലത്തിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ വ്യാപക കളളവോട്ടും അക്രമവും നടന്നെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. പയ്യന്നൂർ നഗരസഭയിൽപ്പെട്ട പയ്യന്നൂർ, കണ്ടോത്ത്, കാറമേൽ, പെരുമ്പ എന്നിവിടങ്ങളിലും കരിവെളളൂർ പെരളം പഞ്ചായത്തിലെയും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളിലുമാണ് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ വ്യാപക കളളവോട്ട് നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ചോദ്യംചെയ്ത യുഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയെന്നും കണ്ടോത്ത് സ്കൂളിലെ ബൂത്തിൽ ഒരു സ്ത്രീ നാല് വോട്ട് ചെയ്തെന്നും യുഡിഎഫ് ആരോപിക്കുന്നു. നാലാമത്തെ വോട്ട് ചെയ്യുമ്പോൾ കയ്യോടെ പിടികൂടിയെങ്കിലും പൊലീസ് അവരെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു എന്നാണ് ആരോപണം.
പയ്യന്നൂർ കാനായിയിലും കളളവോട്ട് നടന്നെന്നും ചോദ്യംചെയ്ത ബൂത്ത് ഏജന്റ് സുരേഷ് കാനായിയെ സിപിഐഎം സംഘം ആക്രമിച്ചെന്നും യുഡിഎഫ് ആരോപിച്ചു. പുഞ്ചക്കാട് ബസ് സ്റ്റോപ്പിൽവെച്ച് കോൺഗ്രസ് പ്രവർത്തകൻ അഭിജിത്തിനെയും ബൈക്കിലെത്തിയ പത്തോളം പേർ ചേർന്ന് ക്രൂരമായി ആക്രമിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും സിപിഐഎം നേതൃത്വവും ചേർന്ന് പയ്യന്നൂരിൽ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
കണ്ണൂർ മയ്യിലിലും തെരഞ്ഞെടുപ്പ് ദിവസം ആക്രമണം ഉണ്ടായിരുന്നു. മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി പി പ്രകാശനെ കോൺഗ്രസ് പ്രവർത്തകൻ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ മയ്യിലിലെ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. മുല്ലക്കൊടി യു പി സ്കൂളിലെ യുഡിഎഫ് ഏജന്റ് ഭാസ്കരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. നേരത്തെ സിപിഐഎം പ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത കൃഷ്ണന്റെ സഹോദരനാണ് ഭാസ്കരൻ. ഭാസ്കരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
