തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മതിയായ ക്രമീകരണങ്ങൾ ഒരുക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മൂന്ന് യുഡിഎഫ് സ്വതന്ത്രരുടെ പൊലീസ് സംരക്ഷണ ആവശ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം അവസാനിച്ചു.
പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്ക് അവസാനിച്ചു. അവസാന മണിക്കൂറിലെ പ്രചാരണം കൊഴുപ്പിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും അതിരാവിലെ മുതൽ സജീവമായിരുന്നു. ഡീൽ വിവാദങ്ങളും ശബരിമല സ്വർണ്ണക്കൊളളയും യുഡിഎഫ് പ്രധാന ആയുധമാക്കുമ്പോൾ, കോൺഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് ആയുധമാക്കുകയാണ് എൽഡിഎഫ്. ഇരുമുന്നണികൾക്കും എതിരെ കേന്ദ്രസർക്കാറിന്റെ വികസനം ഉയർത്തിയാണ് എൻഡിഎ പ്രതിരോധം തീർക്കുന്നത്.
നാളെ നിശബ്ദപ്രചാരണമാണ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവർക്കുനേരെ കർശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതൽ നിയോജകമണ്ഡലംതല കേന്ദ്രങ്ങളിൽ നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.
വോട്ടിങിനെത്തുന്ന വോട്ടർമാർക്ക് ബൂത്തിനുള്ളിൽ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുവദിക്കില്ല. വോട്ടർമാർക്ക് മൊബൈൽ ഫോൺ സുരക്ഷിതമായിവെക്കാൻ മൊബൈൽ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളിൽ ഒരുക്കും.
