മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ വൻട്വിസ്റ്റ്. സ്വർണം കൊണ്ടുവന്നത് നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കാണാതായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹാണ്. ഈ സ്വർണം പൊട്ടിക്കാൻ ലക്ഷ്യമിട്ടത് കണ്ണൂരിലെ അർജുൻ ആയങ്കിയുടെ കൂട്ടാളികളാണെന്നാണ് കണ്ടെത്തൽ.
യഥാർത്ഥ ഉടമക്ക് സ്വർണം കൈമാറാതെ അർജുൻ ആയങ്കിയുടെ കൂട്ടാളിയായ അഭിജിത്ത് പറയുന്നയാൾക്ക് സ്വർണം കൊടുക്കാൻ സൽമാൻ തീരുമാനിച്ചിരുന്നു. അങ്ങനെ ചെയ്താൽ 40 ലക്ഷമാണ് സൽമാന് അഭിജിത് ഓഫർ ചെയ്തിരുന്നത്. എന്നാൽ സൽമാൻ സ്വർണം അവർക്ക് നൽകിയില്ല. പകരം പരപ്പനങ്ങാടി സ്വദേശിയായ സാദിഖ് പറഞ്ഞ നിലമ്പൂർ സ്വദേശി ഷബിക്ക് ആണ് സ്വർണം കൈമാറിയത്. എറണാകുളത്ത് മുറിയിൽ വെച്ച് ട്രോളി ബാഗ് കുത്തിപ്പൊട്ടിച്ച് അതിനകത്തുള്ള സ്വർണം ഇവർ പങ്കിട്ട് എടുക്കുകയായിരുന്നു. സൽമാനെയും സാദിഖിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കള്ളക്കടത്തു സ്വർണ്ണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം പൊട്ടിക്കൽ സംഘം സജീവമായിരിക്കുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വർധിപ്പിച്ച സാഹചര്യത്തിൽ ഗൾഫിൽ നിന്ന് സ്വർണം നാട്ടിലെത്തിക്കുക എന്നത് ലാഭകരമാണ്. ഇതാണ് സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ സംഘം സജീവമാകാൻ കാരണമായിരിക്കുന്നത്.
ഞായറാഴ്ചയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതേ ദിവസം തന്നെയാണ് വിമാനത്താവളത്തിൽ എത്തിയ മഞ്ചേരി മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിന്റെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
