ആലുവ: ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കിൽ ലോറിയും കാറും ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. പുറയാർ മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ 10:30-ഓടെ ആലുവ അമ്പാട്ടുകാവിനും മുട്ടത്തിനുമിടയിലായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ അശ്വിനും നന്ദനയും സഞ്ചരിച്ച ബൈക്കിൽ തട്ടുകയായിരുന്നു. തൊട്ടുപിന്നാലെ വന്ന കാർ കൂടി ബൈക്കിലിടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് മറിഞ്ഞുവീണു. തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റ നന്ദനയെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
അത്താണിയിലെ നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. ജോലിസ്ഥലത്തേക്ക് പോകാനായി അശ്വിന്റെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു നന്ദനയെന്ന് പോലീസ് പറഞ്ഞു. സെൻട്രൽ ജി.എസ്.ടി ഓഫീസിലെ ജീവനക്കാരനായ ഹരിപ്രസാദാണ് നന്ദനയുടെ പിതാവ്. മാതാവ് സാന്റി (നഴ്സ്, ശ്രീമൂലം നഗരം പി.എച്ച്.സി). സഹോദരി: നിവേദ്യ.
