കടലിനടിയിൽ നിന്ന് കപ്പൽ പൊക്കിയെടുത്തു; ബേപ്പൂർ പുറങ്കടലിൽ മുങ്ങിയ മണ്ണുമാന്തിക്കപ്പൽ വീണ്ടെടുത്തു

news image
Apr 7, 2026, 4:03 am GMT+0000 payyolionline.in

ബേപ്പൂർ: ആഴ്ചകൾക്ക് മുൻപ് ബേപ്പൂർ-വെള്ളയിൽ പുറങ്കടലിൽ മുങ്ങിപ്പോയ മണ്ണുമാന്തിക്കപ്പൽ അതിസാഹസികമായ നീക്കത്തിലൂടെ വീണ്ടെടുത്തു. മുംബൈയിൽ നിന്നുള്ള വിദഗ്ധ കമ്പനിയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ കപ്പൽ ഉപരിതലത്തിലെത്തിച്ച് പുതിയാപ്പ മീൻപിടിത്ത തുറമുഖത്ത് അടുപ്പിച്ചു. കേരളത്തിൽ ഇത്തരത്തിൽ മുങ്ങിപ്പോയ ഒരു കപ്പൽ പൂർണ്ണരൂപത്തിൽ വീണ്ടെടുക്കുന്നത് ഇതാദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചെന്നൈയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധർ, പ്രാദേശിക മത്സ്യത്തൊഴിലാളികൾ, ബേപ്പൂർ കോസ്റ്റ്ഗാർഡ്, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ പരിശ്രമമാണ് വിജയത്തിലെത്തിയത്. കാസർകോട് തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് മണ്ണുമാന്തിക്കപ്പൽ അപകടത്തിൽപ്പെട്ട് കടലിൽ മുങ്ങിയത്. കപ്പൽ കടൽ ഭിത്തിയിലോ മറ്റോ തട്ടി കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ അധികൃതർ അതീവ ജാഗ്രത പുലർത്തിയിരുന്നു.

പോർട്ട് ഓഫീസർ ഹരി അച്യുതവാരിയർ, ബേപ്പൂർ ഫിഷിങ് പോർട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കരിച്ചാലി പ്രേമൻ എന്നിവരുടെ ഏകോപനത്തിൽ കോസ്റ്റ്ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗങ്ങളും രക്ഷാദൗത്യത്തിൽ സജീവമായി പങ്കെടുത്തു. വീണ്ടെടുത്ത കപ്പൽ നിലവിൽ പുതിയാപ്പ തുറമുഖത്ത് കൂടുതൽ പരിശോധനകൾക്കായി നങ്കൂരമിട്ടിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe