തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്; കർശന നിർദേശവുമായി കലക്ടർ

news image
Mar 24, 2026, 5:01 am GMT+0000 payyolionline.in

കോഴിക്കോട്  : തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും കുട്ടികളെ യാതൊരു കാരണവശാലും പങ്കെടുപ്പിക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് കർശന നിർദേശം നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ മാർഗനിർദേശങ്ങൾ നിലവിലുള്ള സാഹചര്യത്തിലാണ് ഈ നടപടി. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ അല്ലെങ്കിൽ ലഘുലേഖ വിതരണം, പൊതുയോഗങ്ങൾ തുടങ്ങിയ ഒരു പരിപാടിയിലും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ല. സ്ഥാനാർത്ഥികളോ പ്രവർത്തകരോ വോട്ടഭ്യർത്ഥനയ്ക്കിടെ കുട്ടികളെ കൈകളിൽ എടുക്കുന്നതോ വാഹനങ്ങളിലോ റാലികളിലോ ഒപ്പം കൂട്ടുന്നതോ അനുവദനീയമല്ല.

ഇതിനുപുറമെ തിരഞ്ഞെടുപ്പ് സംബന്ധമായ കവിതകൾ, പാട്ടുകൾ, പ്രസംഗങ്ങൾ എന്നിവയ്ക്കോ രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിനോ കുട്ടികളെ ഉപയോഗിക്കരുത്. ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നത് ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള ചട്ടങ്ങളുടെ ലംഘനമാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രചാരണ വേളയിൽ ഈ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe