റസ്റ്ററന്റില്‍ നിന്ന് മീന്‍മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍

news image
Feb 23, 2026, 12:26 pm GMT+0000 payyolionline.in

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാക് റസ്റ്ററന്റില്‍ നിന്ന് മീൻമുട്ട കഴിച്ച തൃക്കാക്കര ജയിലിലെ വീവിങ് ഇന്‍സ്‌പെക്ടറായ എസ് അരുണ്‍ രാജിന്റെ(39) നില ഗുരുതരമായി തുടരുന്നു. ഇതേ റസ്റ്ററന്റില്‍ നിന്നും ഭക്ഷണം കഴിച്ച് അവശനിലയിലായ എല്ലാവരിലും പ്രകടമാകുന്നത് ഒരേ ലക്ഷണങ്ങളാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ അരുണ്‍രാജ് ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ മറ്റ് രണ്ടുപേരും ചികിത്സയിലുണ്ടെന്നാണ് വിവരം. വെന്റിലേറ്ററില്‍ തുടരുന്ന അരുണ്‍രാജിനെ അക്യൂട്ട് ഐസിയുവിലേക്ക് മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

റസ്റ്റോറന്റില്‍ നിന്നും കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഏഴു മുതല്‍ പുലര്‍ച്ചെ രണ്ടുവരെ ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇതേ റസ്റ്ററന്റില്‍ നിന്നും ഭക്ഷണം കഴിച്ച റിട്ട എസ്‌ഐ മധുസൂദനനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നടക്കാന്‍ ബുദ്ധിമുട്ട്, ശ്വാസകോശങ്ങളുടെ മസിലുകള്‍ക്ക് ശക്തിക്ഷയം, ഇരട്ടക്കാഴ്ച എന്നിവയാണ് കടല്‍വിഭവങ്ങള്‍ കഴിച്ച് അവശനിലയിലായവരില്‍ പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങള്‍. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

അരുണും ഭാര്യ പൂജയും മകന്‍ അയാനും ബന്ധുവായ പത്തുവയസുകാരി ദിയാ ഗിരീഷും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. കൊഞ്ചും കണവയും കഴിച്ച പൂജയ്ക്കും പുട്ടും മീന്‍കറിയും കഴിച്ച കുട്ടികള്‍ക്കും ശാരീരിക ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. കൊല്ലം നിലമേല്‍ സ്വദേശികളായ രണ്ടു പേര്‍ വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്നും കടല്‍വിഭവം കഴിച്ചതിന് പിന്നാലെ മരിച്ചിരുന്നു. ഇതിന് പുറമേ മറ്റ് എട്ടോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊട്ടാരക്കര പട്ടാഴി സ്വദേശികളായ ശ്രീജയും മകളും ശനിയാഴ്ച ഡിസ്ചാര്‍ജ് വാങ്ങിപ്പോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe