പയ്യോളി: സംസ്ഥാനത്ത് ദേശീയപാത ആറ് വരിയാക്കല്‍ പ്രവര്‍ത്തി അതിവേഗം പുരോഗമിക്കുമ്പോഴും പയ്യോളി മേഖലയിലെ ചിലയിടങ്ങളില്‍ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകാത്തത് പദ്ധതി വൈകുമോയെന്ന് ആശങ്കപ്പെടുത്തുന്നു. ദേശീയപാതയില്‍ പയ്യോളി അയനിക്കാട് ഇരുപത്തിനാലാം മൈല്‍സിനും പോസ്റ്റ് ഓഫീസിനും ഇടയില്‍ റോഡിന്റെ പടിഞാറ് ഭാഗത്താണ് സ്ഥലമെടുപ്പ് പൂര്‍ത്തിയാകാത്തത്. ഒന്നില്‍ കൂടുതല്‍ വ്യക്തികളില്‍ നിന്നായി ആറ് സെന്റോളം സ്ഥലമാണ് റോഡ് നിര്‍മ്മാണത്തിനായി വിട്ട് കിട്ടാനുള്ളത്. സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനം പുറത്തിറങ്ങിയപ്പോള്‍ ഈ പ്രദേശത്തെ ഭൂമി വിട്ട് പോയതിനെ തുടര്‍ന്നുള്ള സാങ്കേതിക പ്രശ്നമാണ് ഇപ്പോള്‍ വിനയായത്.
ഇതിന് സമീപത്തുള്ള അടിപ്പാത കഴിഞ്ഞ ദിവസം ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇവിടെയുള്ള റോഡിന്റെ ആറ് വരിയാക്കല്‍ പ്രവര്‍ത്തി നിര്‍മ്മാണം മാസങ്ങളായി നിലച്ച മട്ടിലാണ്. ഇതിനടുത്തുള്ള അയ്യപ്പക്ഷേത്രത്തിന് സമീപം നിര്‍മ്മിക്കുന്ന കലുങ്കിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായ ശേഷം സര്‍വ്വീസ് റോഡ് വഴി വാഹനങ്ങള്‍ കടത്തിവിട്ടാല്‍ മാത്രമേ ആറ് വരി പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ.