പയ്യോളി : ബസ്റ്റാന്റ് പാർക്കിംഗ് കേന്ദ്രമായി മാറിയതോടെ സ്റ്റാന്റിലെ വ്യാപാരികൾ ദുരിതത്തിലായി. വർഷങ്ങൾക്കു മുൻപ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ബസ്റ്റാന്റിനകത്ത് ഓട്ടോറിക്ഷകൾ അനുവദിച്ചതോടെയാണ് വ്യാപാരികളുടെ ദുരിതം തുടങ്ങിയത്.
അന്ന് ഏറെ എതിർപ്പുകളും വിവാദങ്ങളും ഈ ഓട്ടോറിക്ഷ സ്റ്റാൻഡുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരുന്നു. പക്ഷേ അതൊന്നും ഗൗനിക്കാതെ പോലീസിനെ ഉപയോഗിച്ച് ബസ്റ്റാന്റിനകത്ത് ഓട്ടോറിക്ഷ സ്റ്റാന്റ് ആരംഭിക്കുകയായിരുന്നു.
പിന്നീട് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതായ ടാക്സി സ്റ്റാൻഡിലെ വാഹനങ്ങളും ബസ്റ്റാൻഡിനകത്ത് നിർത്തിയിടാൻ തുടങ്ങി. ഇപ്പോൾ ഇരുചക്ര വാഹനങ്ങളും കാറുകളും തുടങ്ങി പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ വരെ നിർത്തിയിരുന്ന സ്ഥലമായി ബസ്റ്റാൻഡ് മാറി. ദേശീയപാത വികസനത്തിൽ സ്ഥലം നഷ്ടപ്പെട്ടതോടെ പോലീസ് പിടികൂടുന്ന വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലമില്ലാതായതോടെയാണിത്.
പയ്യോളിയിൽ നിന്ന് യാത്ര പുറപ്പെടുന്നതും അവസാനിപ്പിക്കുന്നതും ആയ ബസ് റൂട്ടുകൾ ഇല്ലെന്ന് പറയുന്നു. എന്നിട്ടും രാത്രികാലങ്ങളിലും മറ്റും ബസ്സുകൾ ദീർഘസമയം നിർത്തിയിടുന്നത് സ്റ്റാൻഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് അസൗകര്യം സൃഷ്ടിക്കുന്നതായി നേരത്തെ പരാതിയുണ്ട്. ഒരുകാലത്ത് ടൗണിലെ ഏറ്റവും തിരക്കേറിയ വ്യാപാരകേന്ദ്രമായ ബസ് സ്റ്റാൻഡ് ഇന്ന് ഇപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. അനധികൃത പാർക്കിംങ്ങിന് എതിരെ നിരവധി തവണ പോലീസിനും നഗരസഭയ്ക്കും പരാതി നൽകിയിട്ടും കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ല എന്ന് വ്യാപാരികൾ പറയുന്നു. വാടക വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നഗരസഭ കർക്കശ നിലപാട് സ്വീകരിക്കുമ്പോൾ വ്യാപാരികളുടെ പരാതികൾ ചെവി കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വ്യാപാര മാന്ദ്യത്തെ തുടർന്ന് പല കച്ചവട സ്ഥാപനങ്ങളും ബസ്റ്റാൻഡിൽ നിന്ന് ഒഴിവായിട്ടുണ്ട്. മറ്റു ടൗണുകളിലെ ബസ്റ്റാൻഡിൽ നിന്ന് വ്യത്യസ്തമായി പയ്യോളിയിലേത് ബസ് ബേ ആണെന്നും ഇതുമൂലം ബസ്സുകൾ സ്ഥിരമായി നിർത്താൻ പാടില്ലെന്നും ഇക്കാര്യത്തിൽ പോലീസും നഗരസഭാ അധികൃതരും അനുകൂല നിലപാട് സ്വീകരിക്കണമെന്നും ബസ്റ്റാൻഡിലെ വ്യാപാരികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.