പയ്യോളി : ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാകൗശല മേളയോടനുബന്ധിച്ച് ഒരുക്കിയ വേദി ഏറെ ശ്രദ്ധേയമാകുന്നു . പതിവിൽ നിന്ന് വ്യത്യസ്തമായി സർഗാലയയുടെ മുന്നിലെ ജലാശയത്തിന് മുകളിലാണ് കലാമേളകൾക്കായി ഏറെ വ്യത്യസ്തമായ വേദി ഒരുക്കിയിരിക്കുന്നത് . വെള്ളത്തിന് മുകളിൽ സമചതുരാകൃതിയിലുള്ള 16 ഓളം ബാർജുകൾ ഉപയോഗിച്ചാണ് സ്റ്റേജ് തയ്യാറാക്കിയിരിക്കുന്നത് .
18 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമുള്ള ഓപ്പൺ സ്റ്റേജിൽ മികച്ച ശബ്ദ – വെളിച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വേദിയിൽ ഒരേസമയം 100 പേർക്ക് നിൽക്കാനാവും . കരയിൽ നിന്നും ഏകദേശം 15 മീറ്റർ ദൂരത്തിലാണ് ബാർജിൽ തീർത്ത വേദി നിർമ്മിച്ചിരിക്കുന്നത് . സർഗാലയ കോമ്പൗണ്ടിലും പാർക്കിലുമായി സന്ദർശകർക്ക് ഇരിക്കാൻ വിശാലമായ സൗകര്യങ്ങളുമുണ്ട്. ഇരിങ്ങൽ പാറയുടെ അവശേഷിപ്പികളായ പാറക്കെട്ടുകൾക്കിടയിലെ ജലാശയത്തിൽ ഒരുക്കുന്ന വേദിയിൽ വിവിധ ദിവസങ്ങളിലായി കണ്ണൂർ ശരീഫ് , സൂരജ് സന്തോഷ് മെന്റലിസ്റ്റ് അനന്തു , അനിത ഷെയ്ക്ക് തുടങ്ങി വിവിധ കലാകാരന്മാർ പങ്കെടുക്കും . ഏറെ പ്രത്യേകതകളുള്ള ഇത്തവണത്തെ മേളയിൽ ജലാശയത്തിലെ കലാവേദി സന്ദർശകർക്ക് പ്രത്യേക ആകർഷണമാവും .