സത്യഭാമ വിഷയത്തില്‍ പ്രതികരിച്ച് ഫഹദ്; ‘ഇതാണ് എന്റെ നിലപാട്’

news image
Mar 27, 2024, 12:34 pm GMT+0000 payyolionline.in

 

ർ.എൽ.വി രാമകൃഷ്ണൻ-സത്യഭാമ വിഷയത്തില്‍ പ്രതികരിച്ച് നടൻ ഫഹദ് ഫാസില്‍. ഏറ്റവും പുതിയ ചിത്രമായ ആവേശത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ആലുവ യുസി കോളജിലെത്തിയപ്പോഴാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘വിഷയത്തിൽ എന്റെ നിലപാട് ഞാന്‍ അങ്ങ് പറഞ്ഞേക്കാം. അവർ ചെയ്തത് തെറ്റാണ്, പറഞ്ഞത് തെറ്റാണ്’ ചോദ്യത്തിന് മറുപടിയായി നടൻ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിറത്തിന്റെ പേരിലുള്ള സത്യഭാമയുടെ വിവാദ പരാമര്‍ശം. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരാജകത്വം വേറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’- എന്നായിരുന്നു സത്യഭാമ പറഞ്ഞത്. സംഭവം വിവാദമായതോടെ ആർ. എൽ.വി രാമകൃഷ്ണന് പിന്തുണയുമായി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

സൂപ്പർ ഹിറ്റ് ചിത്രമായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആവേശം. പെരുന്നാള്‍- വിഷു റിലീസായി ഏപ്രില്‍ 11 നാണ് ചിത്രം തിയറ്റുകളില്‍ എത്തുന്നത്. രങ്കന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ & എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.

ഫഹദിനെ കൂടാതെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe