കൊയിലാണ്ടി: ശുചിത്വ സംസ്കാരത്തിന് പുതിയൊരു മാതൃക സൃഷ്ടിക്കാൻ കൊയിലാണ്ടി നഗരസഭ തയ്യാറെടുക്കുന്നു. കുടുംബശ്രീയുടെ സഹകരണത്തോടു കൂടി ശുചിത്വ ഭവനം പദ്ധതിയാണ് നഗരസഭ നടപ്പിലാക്കുന്നത്.
നഗരസഭയിലെ മുഴുവൻ വീടുകളിലും അയൽക്കൂട്ടതലത്തിൽ ശുചിത്വ പരിശോധന നടത്തി അയൽക്കൂട്ടതല ശുചിത്വ ഭവനത്തെ തിരഞ്ഞെടുക്കുകയും, തുടർന്ന് വാർഡ് തല പരിശോധന നടത്തി വാർഡ് തല ശുചിത്വ ഭവനത്തെ തിരഞ്ഞെടുക്കുകയും, തുടർന്ന് നഗരസഭ തല പരിശോധന നടത്തി നഗരസഭ തല ശുചിത്വ ഭവനത്തെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.
ഇതിനോടകം തന്നെ ഇരുപതിനായിരത്തിൽ പരം വീടുകളിൽ കുടുംബശ്രീ പ്രവർത്തകരും ശുചിത്വ വളണ്ടിയർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും ശുചിത്വ പരിശോധന നടത്തിക്കഴിഞ്ഞു. നഗരസഭ തല പരിശോധനയാണ് ഇപ്പോൾ നടന്നു വരുന്നത്. തുടർന്ന് ജനുവരി 26ന് ഇഎംഎസ് ടൗൺഹാളിൽ ബഹുമാനപ്പെട്ട എംഎൽഎ കാനത്തിൽ ജമീല ശുചിത്വ വീടുകളുടെ പ്രഖ്യാപനം നടത്തും.
നഗരസഭയിലെ അയൽക്കൂട്ടതലത്തിൽ നിന്ന് തെരഞ്ഞെടുത്ത 718 അയൽക്കൂട്ടതല ശുചിത്വ ഭവനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
നഗരസഭ തലത്തിൽ തെരഞ്ഞെടുക്കുന്ന ആദ്യ 10 വീടുകൾക്ക് സർട്ടിഫിക്കറ്റിനൊപ്പം പ്രൊഹൽസാഹന സമ്മാനങ്ങളും വിതരണം ചെയ്യും. നഗരസഭയിലെ 44 വാർഡുകളലും നടത്തിയ പരിശോധനയിൽ തെരഞ്ഞെടുത്ത നഗരസഭ തല ശുചിത്വ ഭവനത്തിന് കൊയിലാണ്ടിയിലെ ത്രിമൂർത്തി ഗോൾഡ് & ഡയമണ്ട്സുമായി ചേർന്ന് സ്വർണ്ണനാണയം സമ്മാനമായി നൽകും ,
100 മാർക്കിനുള്ള 12 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയുമായാണ് ഓരോ വീടുകളിലും പരിശോധന സംഘം കയറിയത്.
അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുണ്ടോ , ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടോ , ദ്രവമാലിന്യം കൃത്യമായി സംസ്കരിക്കുന്നുണ്ടോ, വീടും പരിസരവും വൃത്തിയായി പരിപാലിച്ച് ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവൽക്കരിച്ചിട്ടുണ്ടോ ?,കുടിവെള്ള സ്രോതസിന്റെ പരിപാലനം , അടുക്കളത്തോട്ടത്തിന്റെ പരിപാലനം, ടോയ്ലറ്റ് പരിപാലനം, കുളിമുറിയുടെ പരിപാലനം, ഫർണിച്ചറുകളുടെയും പാത്രങ്ങളുടെയും ക്രമീകരണം,വളർത്തു മൃഗങ്ങളുടെ പരിപാലനം തുടങ്ങിയവയുടെ പരിശോധനയാണ് നടന്നിട്ടുള്ളത്. ശുചിത്വ ഭവന പ്രഖ്യാപനത്തെ തുടർന്ന് മാർച്ച് 31 നുള്ളിൽ കൊയിലാണ്ടിയെ സമ്പൂർണ്ണ ശുചിത്വ നഗരമായി പ്രഖ്യാപിക്കുമെന്ന് ചെയർ പേഴ്സൻ സുധ കിഴക്കെപ്പാട്ടും വൈസ് ചെയർമാർ അഡ്വ. കെ.സത്യനും പറഞ്ഞു.
ജനുവരി 26ന് കാലത്ത് 10 മണിക്ക് നഗരസഭാ ടൗൺ ഹാളിൽ വച്ച് ബഹുമാനപ്പെട്ട കാനത്തിൽ ജമീല എം.എൽ എ ശുചിത്വ ഭവന പ്രഖ്യാപനവും സമ്മാനദാനവും നിർവഹിക്കും.
ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയാകും നവകേരളം കർമ്മപദ്ധതി ജില്ലാ കോഡിനേറ്റർ പി ടി പ്രസാദ് മുഖ്യാതിഥി ആയിരിക്കും. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ തുടങ്ങിയവർ സംസാരിക്കും.