തേഞ്ഞിപ്പലം: ജനൽ കമ്പി തകർത്ത് തേഞ്ഞിപ്പലം സർവിസ് സഹകരണ ബാങ്കിൽ മോഷണശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് ഓഫിസിന് സമീപത്തെ ബാങ്ക് കെട്ടിടത്തിന് പിറകുവശത്തെ മുകൾ നിലയിലെ ജനൽ തകർത്ത് അകത്ത് പ്രവേശിച്ച മോഷ്ടാക്കൾ സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച സേഫും ചുമരും തകർക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. അവധി കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ സ്വീപ്പർ ജീവനക്കാരൻ ബാങ്കിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
ബാങ്ക് കെട്ടിടത്തിന് പിറകുവശത്തെ ചുമരിൽ പഴയ ഇരുമ്പ് ഗ്രിൽ ചാരിവെച്ച് മുകളിൽ കയറിയാണ് മോഷ്ടാക്കൾ ജനൽ കമ്പി തകർത്ത് അകത്തുകടന്നത്. ബാങ്കിലെ സി.സി.ടി.വി കാമറകൾ സെല്ലോ ടാപ്പ് ഉപയോഗിച്ച് മറച്ചായിരുന്നു മോഷണശ്രമം. ബാങ്ക് അധികൃതർ നൽകിയ പരാതിയെ തുടർന്ന് തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച തെളിവെടുപ്പിനായി മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ് ബാങ്ക് ഓഫിസ് പരിസരത്ത് മണം പിടിച്ച ശേഷം മുമ്പ് സിനിമ തിയറ്ററുണ്ടായിരുന്ന ജങ്ഷൻ വരെ ഓടി നിന്നു. തേഞ്ഞിപ്പലം സി.ഐ കെ.ഒ. പ്രദീപ്, എസ്.ഐ വിപിൻ വി. പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ലഭ്യമായ സി.സി.ടി.വി കാമറ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.കാലിക്കറ്റ് സർവകലാശാല ക്വാർട്ടേഴ്സുകളിലും തേഞ്ഞിപ്പലം, ചേലേമ്പ്ര, പള്ളിക്കൽ മേഖലകളിലും നടന്ന മോഷണങ്ങൾ പൊലീസിന് തലവേദനയായിരുന്നു. ഇതിനിടയിലാണ് ബാങ്കിലും മോഷണ ശ്രമമുണ്ടായത്.