കൊയിലാണ്ടി: കഴിഞ്ഞ ദിവസം രാത്രി വഗാഡ് ടോറസ് ലോറിയുടെ ടയർ ഊരിതെറിച്ച് ദേഹത്ത് തട്ടിപരിക്കേറ്റ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.പ്രവർത്തകർ കൊയിലാണ്ടി സ്റ്റാൻ്റിനു മുൻവശം വഗാഡിൻ്റ വാഹനങ്ങൾ തടഞ്ഞു. സുരക്ഷാ മുൻകരുതൽ ഇല്ലാതെ കരാർജോലി നടത്തുന്ന വഗാഡ് കമ്പനിയുടെ വീഴ്ച കാരണം റോഡിൽ ജീവൻ പൊലിയുകയാണെന്ന് ഡി.വൈ.എഫ്.ഐ.ആരോപിച്ചു.
മരുതൂർ തെക്കെ മഠം കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മയാണ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പരിക്കേറ്റ് മരിച്ചത്. വഗാഡിൻ്റെ വാഹനം തട്ടി ഇത് മൂന്നാമത്തെ ആളാണ് മരണമടയുന്നത്. യാതൊരു രേഖകളുമില്ലാതെയാണ് വാഹനങ്ങൾ ഓടുന്നത്. കൊയിലാണ്ടി പോലീസ് വഗാഡ് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അത് വകവെക്കാതെ സർവീസ് നടത്തുകയാണ് കമ്പനി. പല വണ്ടികൾക്കും നമ്പർ പ്ലേറ്റുകൾ പോലും ഇല്ലാത്ത അവസ്ഥയാണ്.