ഏകസിവിൽ കോഡ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ തകർക്കും : വിസ്ഡം ഗേൾസ് ജില്ലാ സമ്മേളനം

news image
Aug 6, 2023, 4:35 pm GMT+0000 payyolionline.in

ഇരിങ്ങത്ത്: ഏക സിവിൽ കോഡ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ തകർക്കുമെന്നും രാജ്യത്തെ ജനങ്ങളെ വിഭജിക്കലാണ് ഏക സിവിൽ കോഡ് പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യം വെക്കുന്നതെന്നും ഇരിങ്ങത്ത് ഗ്രീൻ ഒകെ ഓഡിറ്റോറിയത്തിൽ സമാപിച്ച
വിസ്ഡം ഇസ് ലാമിക് ഗേൾസ് ഓർഗനൈസേഷൻ ജില്ലാ വിദ്യാർത്ഥിനീ സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി, സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കി വോട്ട്നേടുക എന്ന ലക്ഷ്യം തകർക്കാൻ മതനിരപേക്ഷ സമൂഹം ഒന്നിച്ച് പോരാടണമെന്നും വിസ്ഡം വിദ്യാർത്ഥിനി സമ്മേളനം ആഹ്വാനം ചെയ്തു.

 

വ്യക്തിനിയമങ്ങൾ ദൈവിക നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നിരിക്കെ, അതിന്മേൽ കൈ കടത്താനുള്ള നീക്കം മതേതര സമൂഹം ചെറുത്ത് തോല്പിക്കും.ഇസ് ലാമിക ശരീഅത്ത് കാലാനുസൃതവും, സ്ത്രീപക്ഷവുമാണെന്നിരിക്കെ അനാവശ്യ വിവാദങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും വിസ്ഡം ഗേൾസ് ചൂണ്ടിക്കാട്ടി.നീതിയുടെ ഉറവിടമായ പ്രപഞ്ചസ്രഷ്ടാവിൽ നിന്നുമുള്ള നിയമങ്ങളിൽ അനീതി സംഭവിക്കുകയില്ല എന്നതാണ് ഇസ് ലാമിന്റെ അടിസ്ഥാനപരമായ ദാർശനിക അടിത്തറ.ശരീഅത്ത് എന്ന് കേട്ടാൽ ഉടനെ അത് കെട്ടലും കെട്ടിക്കലും ത്വലാഖും മാത്രമാണ് ഇസ്‌ലാമിക ശരീഅത്ത് എന്നാണ് ചിലരുടെ ധാരണ. അങ്ങനെയല്ല; ഇസ്ലാമിൻ്റെ വളരെ സമഗ്രമായ വിഷയങ്ങളാണ് അത്. ഇസ്ലാം സ്ത്രീകളെ അടിച്ചമർത്തുന്നു എന്നതാണ് ചിലർക്ക് പരാതി. സ്ത്രീ- പുരുഷ സമത്വമാണ് ഇതിന് പരിഹാരമെന്നാണ് അവരുടെ ഭാഷ്യം. വാസ്തവത്തിൽ ഇത് സ്ത്രീവിരുദ്ധതയാണ്. പുരുഷനും സ്ത്രീയും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന രണ്ടു ലിംഗസ്വത്വങ്ങളാണ്. ആയതിനാൽ ഇരുവിഭാഗങ്ങൾക്കും സമൂഹത്തോടുള്ള കടമകളും വ്യത്യസ്തമാണ്. അതിനനുയോജ്യമായ കടമകളും അവകാശങ്ങളുമാണ് ഇസ്ലാം ഇരുവർക്കും വകവെച്ച് കൊടുത്തിട്ടുള്ളത്.

 

 

പുരുഷനെ കുടുംബത്തിന്റെ പൂർണ്ണമായ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഏല്പിച്ച ശേഷമാണ് അനന്തരാവകാശ വിഹിതങ്ങളിൽ ഇസ്ലാം വ്യത്യാസം കല്പിച്ച് നൽകിയത്. ഇസ്‌ലാമിന്റെ അനന്തരാവകാശത്തെ കുറിച്ച് പൂർണ്ണമായ ബോധ്യമില്ലാത്തവരാണ് പുരുഷന്റെ പകുതി സ്വത്ത് സ്ത്രീക്ക് നൽകുന്നതിനെ കുറിച്ച് വ്യാകുലപ്പെടുന്നത്. ഇതേ ശരീഅഃത്ത് നിയമങ്ങളിൽ തന്നെ പുരുഷനും സ്ത്രീക്കും തുല്യസ്വത്ത് ലഭിക്കുന്നതും പുരുഷന് സ്ത്രീയെക്കാൾ കുറവ് സ്വത്ത് ലഭിക്കുന്നതുമായ അവസരങ്ങളുണ്ട്. കടമകളും ബന്ധത്തിന്റെ കണ്ണിയിലെ വ്യത്യാസങ്ങളുമാണ് ഇവിടെ അടിസ്ഥാനം. ഈ അടിസ്ഥാന ബോധ്യമാണ് അത്യാവശ്യം.

സ്ത്രീയുടെ മേൽ ബാധ്യത കെട്ടിവെക്കുക എന്നത് ലിബറൽ പുരുഷധിപത്യത്തിന്റെ അജണ്ടയാണ്. തങ്ങളുടെ അജണ്ട വെളിവാകുന്നതിലെ ഭയം കാരണമാണ് മുതലാളിത്തം ഇതേ പുരുഷാധിപത്യം ഇസ്‌ലാമിന് മേൽ ആരോപിക്കുന്നത്. ഇസ്ലാം സമ്പൂർണമാണ്. ഇസ്ലാമിക നിയമങ്ങളിൽ ഒരു പരിഷ്കരണത്തിന്റെ ആവശ്യമില്ല. കാലാതിവർത്തിയായവന്റെ കാലാനുസൃതമായ നിയമങ്ങളിൽ വെള്ളം ചേർക്കാൻ ബൗദ്ധിക പരിമിതിയുള്ള മനുഷ്യൻ ശ്രമിക്കുന്നത് പരമമായ അബദ്ധമാണ് – സമ്മേളനം വ്യക്തമാക്കി.കാലത്ത് ഒമ്പതിന് ആരംഭിച്ച സമ്മേളനം വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വിസ്ഡം വിമൺസ് ജില്ലാ വൈസ് പ്രസിഡണ്ട് നദീറ പയ്യോളി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.അബ്ദുല്ലാ ബാസിൽ സി.പി, വിസ്ഡം യൂത്ത് സംസ്ഥാന സമിതി അംഗങ്ങളായ മുനവ്വർ സ്വലാഹി, അബ്ദുറഹ്മാൻ ചുങ്കത്തറ, സഫാന സലീം, ഷബീബ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.സമാപന സമ്മേളനം മുൻ പി.എസ്.സി മെമ്പർ ടി.ടി.ഇ സ്മായിൽ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽ ഹികമി അധ്യക്ഷത വഹിച്ചു.മുജാഹിദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് ടി.പി.ഫാരിസ് മുഹമ്മദ്, ട്രഷറർ ഹംറാസ് കൊയിലാണ്ടി, സി.പി. സാജിദ്, ടി.പി.നസീർ, ഒ.കെ.ലത്തീഫ്, മുസ്തഫ പയ്യോളി, സൈഫുള്ള അൽഹികമി, ഫാഇസ് പേരാമ്പ്ര,ബാസിം കോളിക്കൽ, മൂനിസ് അൻസാരി, ശുഐബ് നാദാപുരം സംസാരിച്ചു.വിസ്ഡം വിമൺസ് ജില്ലാ സെക്രട്ടറി നസീമ കൊയിലാണ്ടി സ്വാഗതവും വിസ്ഡം ഗേൾസ് ജില്ലാ ട്രഷറർ ഫിദ ഫാത്തിമ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe