ദില്ലി : ഡല്‍ഹി ഭരണ നിര്‍വഹണം നിയന്ത്രിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഡൽഹി ഭരണ നിയന്ത്രണ ബിൽ അവതരിപ്പിച്ചത്. ഡിജിറ്റൽ വിവര സുരക്ഷാ ബിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഡിജിറ്റൽ വിവര സുരക്ഷാ ബിൽ അവതരിപ്പിച്ചത്. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണം എന്ന ആവശ്യവുമായാണ് പ്രതിപക്ഷം ബിൽ അവതരത്തെ എതിർത്തത്.
ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ക്ക് ബദലായി പുതിയ ഭരണസംവിധാനത്തിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ മേയ് 19-നാണ് കേന്ദ്രം പുറത്തിറക്കിയത്. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്ക് പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ജൂലായ് 25-നാണ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. വിവാദങ്ങള്‍ക്ക് വഴിവെട്ടിയ ഓര്‍ഡിനന്‍സിലെ അതേ വ്യവസ്ഥകളാണ് ബില്ലിന്റെയും ഉള്ളടക്കം.