ദില്ലി : മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി വംശജരുടെ സംസ്കാരം, കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവച്ചു. സംസ്കാരം അനുവദിക്കില്ലെന്ന മെയ്തെയ് സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇന്നും കനത്ത സംഘര്‍ഷമുണ്ടായി. ഇരുഭാഗത്തു നിന്നും വെടിവയ്പ്പുണ്ടായി, പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംസ്ക്കാര ചടങ്ങുകള്‍ ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതിയും നിര്‍ദേശിച്ചു. മൂന്നുമാസമായി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന പ്രിയപ്പെട്ടവരുടെ അന്ത്യയാത്രയ്ക്ക് കുക്കികള്‍ തയാറെടുത്തു.
കറുപ്പു വസ്ത്രങ്ങളിഞ്ഞ് ആയിരങ്ങള്‍ ചുരാചന്ദ്പൂര്ില് ഒത്തുകൂടി. എന്നാല്‍ സംസ്കാര ചടങ്ങുകള്‍ നടക്കുന്ന ഭൂമി തങ്ങളുടേതാണെന്നും അനുവദിക്കില്ലെന്നുമുള്ള മുന്നറിയിപ്പുമായി മെയ്തെയ്കള്‍ ഇരച്ചെത്തിയതോടെ സംഘര്‍ഷമാരംഭിച്ചു. ഇരുവിഭാഗവും ആയുധമെടുത്തു. മലമുകളില്‍ നിന്നാണ് ആദ്യം വെടിയൊച്ചകള്‍ മുഴങ്ങിയത്. ഇതോടെ മെയ്തെയ് സ്ത്രീകളുടെ വന്‍ പ്രകടനം ബിഷ്ണുപൂര്‍ അതിര്‍ത്തിയിലെത്തി.
താഴെനിന്നും വെടിവയ്പ്പുണ്ടായി. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസും അസം റൈഫിള്‍സും ഇടപെട്ടു. ഗ്രനേഡുകള്‍ പ്രയോഗിച്ചതോടെ വനിതാസംഘടനകള്‍ പിന്‍വാങ്ങി. ഇതിനിടയില്‍ തല്ക്കാലം ശവസംസ്ക്കാരം നടത്തരുതെന്നും സംസ്ക്കാര സ്ഥലം സംബന്ധിച്ച് സമവായത്തിലെത്തണമെന്നും മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കുക്കി സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശം പാലിക്കാന്‍ ധാരണയായി. അതിര്‍ത്തിയില്‍ നിന്ന് മെയ്തെയ്കളെ പിരിച്ചുവിടാനുള്ള നീക്കത്തെതുടര്‍ന്ന് ഇംഫാലില്‍ സംഘര്‍ഷമാരംഭിച്ചു. ഇതോടെ ഇംഫാല്‍ ഈസ്റ്റ് , വെസ്റ്റ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലെ കര്‍ഫ്യൂ ഇളവ് പിന്‍വലിച്ചു.