‘മോദി’ പരാമർശത്തിലെ അപകീർത്തി കേസ്: രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകി

news image
Jul 15, 2023, 12:02 pm GMT+0000 payyolionline.in

ദില്ലി : ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ അപ്പീൽ നൽകി. മാനനഷ്ടക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യാത്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്. വിധി വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്‍റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ 2 വർഷം തടവ് വിധിച്ചതോടെയാണ് രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.

ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയതോടെയാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിലെത്തി. എന്നാൽ  മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് ഗുജറാത്ത് കോടതി വ്യക്തമാക്കിയത്. 10 ലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ച് നിരീക്ഷിച്ചു. പിന്നാലെയാണ് ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe