ഭോപാൽ: വിവാഹം കഴിഞ്ഞ് ആറാംമാസം ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ തീരുമാനിച്ച യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം. മധ്യപ്രദേശിൽ നിന്നുള്ള യുവതിയാണ് വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്. ഭർത്താവിൽനിന്ന് വിവാഹമോഹനം തേടാനുള്ള കാരണവും യുവതി വെളിപ്പെടുത്തി. ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകാമെന്നായിരുന്നു ഭർത്താവ് യുവതിക്ക് നൽകിയ വാഗ്ദാനം. എന്നാൽ ഗോവയിലേക്ക് പോകുന്നതിന് പകരം അയോധ്യയിലേക്കും വാരാണസിയിലേക്കുമാണ് തന്നെ കൊണ്ടുപോയത് എന്നാണ് യുവതി പറയുന്നത്. ഭോപാലിലെ കുടുംബകോടതിയുടെ പരിഗണനയിലാണ് കേസ്. 10 ദിവസത്തെ ട്രിപ്പ് കഴിഞ്ഞയുടനെ യുവതി വിവാഹമോചനത്തിന് ഹരജി നൽകുകയായിരുന്നു.
തന്റെ ഭർത്താവ് ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളമുണ്ടെന്നും യുവതി ഹരജിയിൽ പറയുന്നുണ്ട്. താനും ജോലി ചെയ്യുന്ന സ്ത്രീയാണെന്നും അവർ വ്യക്തമാക്കി. അതിനാൽ ഹണിമൂണിന് മറ്റ് സംസ്ഥാനങ്ങളിൽ പോകാൻ പണം ഒരു പ്രശ്നമല്ല. ഹണിമൂണിന് വിദേശത്ത് പോകണമെന്ന യുവതിയുടെ അഭ്യർഥന തള്ളിയ യുവാവ് ഇന്ത്യയിൽ എവിടെയെങ്കിലും പോകാമെന്ന നിർദേശവും മുന്നോട്ട് വെച്ചു.തനിക്ക് മാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്നും യുവാവ് ചൂണ്ടിക്കാട്ടി.
ഒടുവിൽ ഹണിമൂൺ ഗോവയിലോ ദക്ഷിണേന്ത്യയിലോ പോകാമെന്ന ഒത്തുതീർപ്പിലെത്തി രണ്ടുപേരും. എന്നാൽ പിന്നീട് യുവാവ് അയോധ്യയിലേക്കും വാരാണസിയിലേക്കുമുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്തു. ഭാര്യയോട് ഇക്കാര്യം മിണ്ടിയതുമില്ല. ട്രിപ്പിന് ഒരു ദിവസം മുമ്പ് മാത്രമാണ് യാത്രയിൽ ചില മാറ്റങ്ങളുണെന്ന കാര്യം യുവാവ് പറയുന്നത്.
തങ്ങൾ പോകുന്നത് അയോധ്യയിലേക്കാണെന്നും രാമപ്രതിഷ്ഠക്ക് മുമ്പ് അയോധ്യ കാണാൻ അമ്മ ആഗ്രഹം പ്രകടിപ്പിച്ചതായും യുവാവ് പറഞ്ഞു. ആ സമയത്ത് യുവതി എതിർക്കാനൊന്നും പോയില്ല. എല്ലാം ഭർത്താവ് പ്ലാൻ ചെയ്തപോലെ നടക്കട്ടെയെന്ന് വിചാരിച്ചു. എന്നാൽ തിരിച്ചുവന്നയുടനെ വിവാഹമോചനത്തിന് കുടുംബകോടതിയെ സമീപിച്ചു. ഭർത്താവ് ഭാര്യയായ തന്നേക്കാൾ അദ്ദേഹത്തിന്റെ കുടുംബത്തിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും യുവതി കുറ്റപ്പെടുത്തി. ഭാര്യ വലിയ ബഹളക്കാരിയാണെന്നാണ് യുവാവിന്റെ പരാതി. ഭോപാൽ കുടുംബ കോടതി കൗൺസലിങ്ങിന് വിളിച്ചിരിക്കുകയാണ് ഇരുവരെയും.