വിലക്കയറ്റത്തിൻ്റെ കാലത്ത് ആശ്വാസത്തിൻ്റെ കൈത്താങ്ങ്; ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് ഉത്തരവ്

news image
Jul 12, 2023, 2:59 pm GMT+0000 payyolionline.in

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതമാണ് പെൻഷൻ നൽകുന്നത്. ജൂലൈ 14 മുതൽ പെൻഷൻ വിതരണം ആരംഭിക്കും.

സംസ്ഥാനത്ത് നടപ്പ് സാമ്പത്തിക വർഷത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിന്റെ നിലപാടുകളെ നിശിതമായി വിമർശിച്ചാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ മാധ്യമങ്ങളോട് സംസാരിച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണം.

കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ചില ഫണ്ടുകൾ കിട്ടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാരിന്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. യുജിസിയിൽ നിന്ന് കിട്ടാനുള്ള 750 കോടി അനുവദിക്കണമെന്നും പെൻഷൻ , ഹെൽത്ത് ഗ്രാന്റ് എന്നിവയ്ക്കുള്ള ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായി ധനമന്ത്രി പറഞ്ഞു.

നികുതി വിഹിതത്തിൽ കേരളത്തോട് വിവേചനപരമായ നിലപാടാണ് കേന്ദ്രസർക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കേരളത്തിന് 3.9 ശതമാനമായിരുന്നു കേന്ദ്രത്തിൽ നിന്ന് നികുതി വിഹിതം ലഭിച്ചത്. ഇതിപ്പോൾ 1.92 ശതമാനമായി കുറച്ചിരിക്കുകയാണ്. ജിഎസ്‌ടി നടപ്പിലാക്കുമ്പോൾ നൽകാവുന്ന നഷ്ടപരിഹാരം കേന്ദ്രം നിർത്തിയതും കേരളത്തിന് തിരിച്ചടിയായി. ഒപ്പം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുകയും ചെയ്തത് അദ്ദേഹം വിമർശിച്ചു. കിഫ്ബിയും പെൻഷൻ പദ്ധതിയും എടുത്ത ലോണിന്റെ പേരിലുമാണ് കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറക്കുന്നത്. ഇതിലൂടെ 30000 കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാനത്തിന് ഉണ്ടായി. നികുതി വരുമാനത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe