കണ്ണൂർ: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിൽ മുഖ്യമന്ത്രി പിണറായി വിജയന് കന്നിയാത്ര. ശനിയാഴ്ച വൈകീട്ട് 3.36ഓടെയാണ് കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് മുഖ്യമന്ത്രി യാത്രചെയ്തത്. വന്ദേഭാരതിന്റെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി ട്രെയിനിൽ കയറിയിരുന്നെങ്കിലും യാത്ര ചെയ്തിരുന്നില്ല. കൂത്തുപറമ്പിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം ശനിയാഴ്ച നാട്ടിലെത്തിയത്.
വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ പൊലീസ് കർശന സുരക്ഷയൊരുക്കിയിരുന്നു. പാളത്തിൽ ഡ്രോൺ പരിശോധനയടക്കം നടത്തി. 3.28ന് കണ്ണൂരിലെത്തേണ്ട വന്ദേഭാരത് എട്ട് മിനിറ്റ് വൈകി 3.36നാണ് സ്റ്റേഷനിൽ എത്തിയത്. 3.20ഓടെ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി വി.ഐ.പി ലോഞ്ചിൽ വിശ്രമിച്ചശേഷമാണ് ട്രെയിനിൽ കയറിയത്.
റെയിൽവേ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമിലും സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ കർശന സുരക്ഷയൊരുക്കിയിരുന്നു. സാധാരണ മൂന്നാം പ്ലാറ്റ്ഫോമിലെത്തിയിരുന്ന വന്ദേഭാരത് മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കാക്കി ഒന്നാം പ്ലാറ്റ്ഫോമിലാണ് എത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലും സുരക്ഷ ഉദ്യോഗസ്ഥരും യാത്രയിൽ അദ്ദേഹത്തിനൊപ്പമുണ്ടായി.