കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ടീമിന്‍റെ മോശം പ്രകടനത്തിനും പരസ്യ വിഴുപ്പലക്കലുകള്‍ക്കും പിന്നാലെ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ലോകകപ്പില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഇന്‍സമാമിന്‍റെ രാജി.
തന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് ഭിന്നതാല്‍പര്യമുണ്ടെന്ന് മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് രാജിയെന്നും ആരോപണങ്ങളിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ഇന്‍സമാം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫിന് അയച്ച രാജിക്കത്തില്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു തിരിച്ചെത്തുമെന്നും ഇന്‍സമാം വ്യക്തമാക്കിയിട്ടുണ്ട്.