മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിൽ എത്തി

news image
Jun 9, 2023, 2:55 am GMT+0000 payyolionline.in

ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ  ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്.

 

ന്യൂയോർക്ക് സമയം ഉച്ചക്ക് മൂന്ന് മണിയോടെയാണ്  ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്.  കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെജി മൻമധൻ നായർ, ലോക കേരള സഭ സംഘാടക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുട‍ര്‍ന്ന് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് സംഘം പോയി.

മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ താരനിശ മോഡലിൽ സ്പോൺസർഷിപ്പ് കാർഡുകൾ ഇറക്കി പണപ്പിരിവ് മുതൽ സാമ്പത്തിക പ്രതിസന്ധി കാലത്തെ ധൂർത്ത് വരെ വിവാദങ്ങൾ കത്തി നിൽക്കെയാണ് സംഘത്തിന്റെ യാത്ര. ഇന്ന് തുടങ്ങി 13 വരെ മൂന്ന് ദിവസങ്ങളിലാണ് അമേരിക്കയിൽ ലേക കേരള സഭയുടെ മൂന്നാം സമ്മേളനം. പതിനൊന്നിനാണ് ലോക കേരളസഭാ സമ്മേളനവും ടൈം സ്ക്വയറിലെ പൊതു സമ്മേളനവും.

പതിനൊന്നിന് ബിസിനസ് ഇൻവെസ്റ്റ് മീറ്റിനൊപ്പം സംരംഭകർ, വനിതാ സംരംഭകർ, നിക്ഷേപകർ, പ്രവാസി മലയാളി നേതാക്കൾ എന്നിവരുമായി സംഘം ചർച്ച നടത്തും. വേൾഡ് ട്രേഡ് സെന്റർ ആക്രമണ സ്മാരകം, യു.എൻ ആസ്ഥാന സന്ദർശനം എന്നിവയും പട്ടികയിലുണ്ട്. മുഖ്യമന്ത്രിക്കൊപ്പമുള്ള ഡിന്നറിന് എത്ര പേർ കാർഡ് എടുത്തു എന്നടതക്കമുള്ള വിവരങ്ങൾ സംഘാടക സമിതി പുറത്തുപറഞ്ഞിട്ടില്ല. പണം നൽകിയുള്ള താരിഫ് കാർഡൊക്കെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്നതാണോ എന്ന ധാർമ്മിക ചോദ്യമൊന്നും ഗൗനിക്കാതെ, എല്ലാം അമേരിക്കൻ രീതി എന്ന് വിശദീകരിച്ചായിരുന്നു യാത്ര.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe