മുക്കാളി ടൗണിലൂടെയുള്ള ഗതാഗതം മാറ്റി വിടലിൽ തീരുമാനമായില്ല

news image
Apr 23, 2023, 3:15 am GMT+0000 payyolionline.in

വടകര: ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മുക്കാളി ടൗണിലേക്ക് ഗതാഗതം മാറ്റി വിടാനുള്ള ദേശീയപാത അതോറിറ്റിയുടെ നടപടിയിൽ തീരുമാനമായില്ല. ഇതുമായി ബന്ധപ്പെട്ട് കെ.കെ.രമ എംഎൽഎ വിളിച്ച് ചേർത്ത യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. മുക്കാളി ടൗണിലെ പഴയ ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കുന്നതിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നതാണ് ഇതിന് കാരണം. ഇരുഭാഗത്തും വാഹനങ്ങൾ മുക്കാളി ടൗണിലൂടെ പോയാൽ ഏറെ പ്രയാസമുണ്ടാവുമെന്ന് വ്യാപാര സംഘടന പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു.

 

ഇതിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉറച്ച് നിന്നതോടെ യോഗം അവസാനിപ്പിക്കുകയായിരുന്നു. ടൗണിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കുമെന്ന് എംഎൽഎ പറഞ്ഞു. റോഡ് വികസനവുമായി ബന്ധപ്പെട്ട് എല്ലാവരുടെയും സഹകരണം വേണമെന്ന് കരാർ കമ്പനി പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.കെ.കെ.രമ എംഎൽഎ അധ്യക്ഷത വഹിച്ചു. റീന രയരോത്ത്, പി.കെ.പ്രീത, കെ.അനിൽ കുമാർ(വാഗാഡ്), ടി.ജനിൽ കുമാർ, കെ.ടി.ദാമോദരൻ, പ്രദീപ് ചോമ്പാല, ബാബു ഹരിപ്രസാദ്, എം.എം.അശോകൻ, കെ.ജനീഷ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe