തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരില്‍ അപ്രോച്ച് റോഡ് തകര്‍ന്ന സംഭവത്തില്‍ ന്യായീകരണവുമായി ചീഫ് എഞ്ചിനീയര്‍. നിര്‍മ്മാണത്തില്‍ അപാകതയില്ലെന്ന് ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിനോ അപ്രോച്ച് റോഡിനോ കേടുപാട് സംഭവിച്ചിട്ടില്ല. ബണ്ട് റോഡിന് അടിയിലെ മണ്ണ് ഒലിച്ചു പോയതാണെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 6നാണ് റോഡ് ഉദ്ഘാടനം ചെയ്തത്.
ഇന്ന് പുലർച്ചെയാണ് പുന്നാവൂർ പാലത്തേക്കുള്ള അപ്രോച്ച് റോഡ് തകർന്നത്. ഏഴു കോടി ചെലവാക്കിയുള്ള പാലവും അപ്രോച്ച് റോഡും കഴിഞ്ഞ മാസം ആറിനാണ് പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്തത്. അശാസ്ത്രീയമായ നിർമ്മാണമാണ് റോഡ് തകരാൻ കാരണമെന്നാരോപിച്ച് കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. അപകടകരമായ റോഡിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരുന്നു. നെയ്യാറിൽ നിന്നും കൃഷിയാവശ്യത്തിന് വെള്ളമെത്തിക്കുന്ന കനാലിന് കുറുകേയാണ് പാലം പണിതത്. ഇതിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണത്തിൽ അപകാതയുണ്ടെന്ന് നിർമ്മാണ സമയത്തുതന്നെ ചൂണ്ടികാണിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. വാട്ടർ അതോററ്റിയുടെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാത്തതും ഓട നിർമ്മിക്കാത്തതും പില്ലർ വാർത്ത് നിർമ്മാണം നടത്താത്തതുമാണ് റോഡിന് താഴെയുള്ള മണ്ണ് ഒലിച്ചുപോകാനിടയായത്.