ഡ്രൈവറുടെ മനോധൈര്യം തുണച്ചു; കുറ്റ്യാടി ചുരത്തിൽ 150-ഓളം യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിയാതെ രക്ഷപ്പെട്ടു

news image
Jul 23, 2026, 4:50 am GMT+0000 payyolionline.in

തൊട്ടിൽപ്പാലം: ബ്രേക്ക് ഡൗണായ മറ്റ് രണ്ടു ബസുകളിലെ യാത്രക്കാരെക്കൂടി കയറ്റി സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് കുറ്റ്യാടി ചുരത്തിൽ വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് ഡ്രൈവറുടെ അസാധാരണമായ മനോധൈര്യം കൊണ്ട് മാത്രമാണ്. ഫുട്‌ബോർഡിൽ വരെ ആളുകളെ കുത്തിനിറച്ച് പോയ ബസ് ചുരം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് 20 മീറ്ററോളം പിന്നോട്ട് ഉരുളുകയായിരുന്നു. ഇടതുവശത്ത് അഗാധമായ കൊക്കയുണ്ടായിരുന്നിട്ടും, യാത്രക്കാരുടെ നിലവിളികൾക്കിടയിലും ആത്മധൈര്യം കൈവിടാതെ ഡ്രൈവർ എൻ.പി. സുധീഷ് വണ്ടി വലതുവശത്തെ കയ്യാലയിലേക്ക് ഇടിച്ചുനിർത്തിയതോടെയാണ് വൻ ദുരന്തം ഒഴിവായത്.

​ബുധനാഴ്ച രാവിലെ 9.45-ഓടെ ചുരത്തിലെ എട്ടാം വളവിലാണ് നെഞ്ചിടിപ്പേറ്റിയ ഈ സംഭവം ഉണ്ടായത്. കോഴിക്കോട്ടുനിന്ന് തൊട്ടിൽപ്പാലം വഴി മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇതിന് മുന്നിൽപ്പോയ മറ്റ് രണ്ട് ബസുകൾ വഴിയിൽ ബ്രേക്ക് ഡൗണായതിനെ തുടർന്ന് ആ വണ്ടികളിലെ യാത്രക്കാരെക്കൂടി പ്രിയദർശിനി ബസിൽ കയറ്റുകയായിരുന്നു. ഏതാണ്ട് 150-ലധികം യാത്രക്കാരുമായാണ് ബസ് പൂതംപാറയിൽ നിന്ന് പുറപ്പെട്ടത്. കനത്ത ഓവർലോഡ് ഉള്ളതിനാൽ യാത്ര തുടരാൻ കഴിയില്ലെന്ന് പേരാമ്പ്ര സ്വദേശിയായ ഡ്രൈവർ സുധീഷ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും യാത്രക്കാർ ആരും തന്നെ ഇറങ്ങാൻ തയാറായിരുന്നില്ല.

​മെല്ലെ ചുരം കയറുന്നതിനിടെ എട്ടാം വളവിൽ വെച്ച് ബസിന്റെ എയർപൈപ്പ് പൊട്ടുകയും നിയന്ത്രണം നഷ്ടപ്പെട്ട് വണ്ടി പിന്നോട്ട് നീങ്ങുകയുമായിരുന്നു. ഈ സമയം സ്ത്രീകളും കുട്ടികളും ഭയന്ന് നിലവിളിച്ചെങ്കിലും, ആരും പേടിക്കേണ്ടെന്നും ഒന്നും സംഭവിക്കില്ലെന്നും ഉറക്കെപ്പറഞ്ഞ് ഡ്രൈവർ വണ്ടി സുരക്ഷിതമായി കയ്യാലയിലേക്ക് തിരിച്ചുനിർത്തുകയായിരുന്നു. അപകടസമയത്ത് പുറകിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതും വലിയ അനുഗ്രഹമായി. ബസ് റോഡിന് കുറുകെ കുടുങ്ങിയതോടെ ചുരത്തിൽ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പിന്നീട് മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ മാനന്തവാടിയിലേക്ക് കൊണ്ടുപോയത്.

​ബുധനാഴ്ച മാത്രം കുറ്റ്യാടി ചുരത്തിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളാണ് ബ്രേക്ക് ഡൗണായത്. പ്രിയദർശിനി ബസുകളിൽ സൗജന്യയാത്ര തുടങ്ങിയതോടെ ചുരം വഴി പോകുന്ന വണ്ടികളിലെല്ലാം കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാൽ ഓവർലോഡ് താങ്ങാനാകാതെ പഴയ ബസുകൾ വഴിയിലാകുന്നത് ഇപ്പോൾ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്.

അപകടത്തിൽപ്പെട്ട ബസിന് ഉൾപ്പെടെ 15 വർഷത്തിലധികം പഴക്കമുണ്ട്.

​തൊട്ടിൽപ്പാലം ഡിപ്പോയിലുള്ള 15 മുതൽ 17 വർഷം വരെ പഴക്കമുള്ള ഈ ബസുകൾ ചുരം കയറാൻ ഒട്ടും യോഗ്യമല്ലെന്ന് ജീവനക്കാരും പ്രാദേശിക അധികൃതരും പലതവണ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളതാണ്. എന്നിട്ടും ബസുകൾ മാറ്റാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ചുരത്തിലെ സർവീസുകൾക്കായി പുതിയ ബസുകളോ ലെയ്‌ലൻഡ് ബസുകളോ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe