അഴിയൂർ : ചോമ്പാൽ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നത് തടയാൻ ബന്ധപ്പെട്ടവരുടെ യോഗം ജനുവരി 10 ന് വിളിച്ച് ചേർക്കാൻ അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. കാലത്ത് പത്തിന് തുറമുഖത്ത് യോഗം നടക്കും. ജനപ്രതിനിധികൾ, കോസ്റ്റൽ പോലീസ്, തുറമുഖ വകുപ്പ് പ്രതിനിധികൾ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
തുറമുഖത്തിനുള്ളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന വള്ളത്തിലും, ചെറുതോണിയിലും വെള്ളം കെട്ടിനിന്ന് ഇവിടം കൊതുക് വളർത്തു കേന്ദ്രമായി മാറിയതായി യോഗത്തിൽ പരാതി ഉയർന്നു. നിരവധി പേർ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയിട്ടുണ്ട്. ഹാർബർ പരിസരത്ത് ശുചീകരണം നടത്തുന്ന കാര്യങ്ങൾ അടക്കം യോഗം ചർച്ചചെയ്യും. ഉച്ചസമയത്ത് ഒപിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് സത്വര നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു..
പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, മെഡിക്കൽ ഓഫീസർ ഡോ: ഡെയ്‌സി ഗോറി പി ശ്രീധരൻ, കെ എ സുരേന്ദ്രൻ, എ ടി ശ്രീധരൻ, പ്രദീപ് ചോമ്പാല, കെ അൻവർഹാജി,കെ പ്രശാന്ത്, കെ കെ ജയചന്ദ്രൻ, കെ ലീല, സി സുഗതൻ, ബിജു ജയ്‌സൺ, ആർ രമ്യ എന്നിവർ സംസാരിച്ചു.