പയ്യോളി: കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്യോഗാർത്ഥികൾ നടത്തി വന്ന സമരം ഒത്തുതീർപ്പായി.37 ദിവസം നീണ്ടുനിന്ന സമരത്തിന് മുൻപിൽ സ്കൂൾ മാനേജ്മെൻറ് മുട്ടുമടക്കുകയായിരുന്നു. മാനേജ്മെൻറ് വിളിച്ചുചേർത്ത അനുരഞ്ജന ചർച്ചയിൽ സമര സമിതി മുന്നോട്ടുവച്ച ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു. 29 ഉദ്യോഗാർത്ഥികളിൽ നിന്നായി 2.5 കോടിരൂപയോളം മാനേജ്മെന്റ് കൈപ്പറ്റിയിരുന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും ജോലിയോ പണമോ തിരിച്ചു കിട്ടാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികൾ സ്കൂളിന് മുൻപിൽ സമരസമിതിയുടെ നേതൃത്വത്തിൽ ജൂൺ 1 ന് സമരമാരംഭിച്ചത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിനിന്നുള്ളവരാണ് ഉദ്യോഗാർത്ഥികൾ . ഉദ്യോഗാർത്ഥികളിൽ നിന്നു വാങ്ങിയ മുഴുവൻ സംഖ്യയും നിശ്ചിത തിയ്യതിക്കുള്ളിൽ നൽകാമെന്ന് മാനേജ് സമ്മതിക്കുകയും ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിഐടിയു, ജനാധിപത്യ മഹിള അസോസിയേഷൻ, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾ സമര രംഗത്തിറങ്ങിയിരുന്നു. സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ കോട്ടക്കൽ ബീച്ചിൽ പ്രകടനം നടത്തുകയും പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തു.
യോഗം സിപിഐ എം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ തൊടുവയിൽ സദാ നന്ദൻ അധ്യക്ഷനായി. എം പി ഭരതൻ , സബീഷ് കുന്നങ്ങോത്ത്, ഷംസുദ്ദീൻ, കെ ശശിധരൻ , ചെറി യാവി സുരേഷ് ബാബു, പി പി കണ്ണൻ, യു ടി കരീം, കെ കെ കണ്ണൻ, എ വി ബാലകൃഷ്ണൻ , എന്നിവർ സംസാരിച്ചു. കൺവീനർ എൻ ടി അബ്ദുറഹിമാൻ സ്വാഗതവും എസ് ആർ സതീഷ് നന്ദിയും പറഞ്ഞു