കൊയിലാണ്ടി: റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ് , കുവൈത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനപാഠ മൽസര ഗ്രാൻ്റ് ഫിനാലെ നാളെ കൊയിലാണ്ടി മുന്നാസിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കാലത്ത് 9 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫിനാലെയുടെ ഉദ്ഘാടനം നിർവഹിക്കും.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 500 ൽ അധികം വിദ്യാത്ഥികൾ വിവിധതലങ്ങളിൽ മൽസരിച്ച് അവസാന റൗണ്ടിൽ എത്തിയ 32 പേരാണ് ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുക്കുക. മൂന്ന് കാറ്റഗറി ആയി തിരിച്ച മത്സരത്തിലെ ആദ്യ രണ്ടു കാറ്റഗറിയിൽ പെടുന്ന കുട്ടികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 25000, 20000, 15000 രൂപ വീതം സമ്മാനം നൽകുന്നതും മറ്റു രണ്ടു കുട്ടികൾക്ക് 5000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. മൂന്നാമത്തെ കാറ്റഗറിയിൽ പെടുന്ന കുട്ടികൾക്ക് 50000, 40000, 30000 വീതം സമ്മാനം നൽകും. ബാക്കി വരുന്ന കുട്ടികൾക്ക് 10000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.
വൈകിട്ട് 4 മണിക്ക് ഗ്രാൻ്റ് ഫിനാലെ സമാപിക്കും. സമാപന ചടങ്ങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്യും. ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോക്ടർ ബഹാവുദ്ദീൻ നദവി ചടങ്ങൽ മുഖ്യാതിഥിയായിരിക്കും.
പത്രസമ്മേളനത്തിൽ തറുവായി ഹാജി, സാലിഹ് ബാത്ത, എം. എ റഷീദ്, സയ്യിദ് അൻവർ മുനഫർ, അൻസാർ കൊല്ലം എന്നിവര്‍ സംബന്ധിച്ചു.