വടകര : വടകര പഴയ ബസ്‌സ്റ്റാൻഡിൽ യാർഡിന്റെ ഒരുഭാഗത്ത് കുഴി രൂപപ്പെട്ടു. ദ്വാരക ബിൽഡിങ്ങിലേക്ക് പോകുന്നിടത്ത്, പേരാമ്പ്ര ഭാഗത്തേക്ക് ബസ് നിർത്തുന്നതിനു പിറകിലെ ഭാഗത്താണ് കോൺക്രീറ്റ് ഇളകിമാറി വലിയകുഴി രൂപപ്പെട്ടത്. ഇത് കാൽനടയാത്രക്കാർക്കും ബസ് കാത്തുനിൽക്കുന്നവർക്കും ഭീഷണിയാകുന്നു. ഇതിനുതാഴത്തു കൂടിയാണ് റെയിൽവേ സ്റ്റേഷനിലേക്കുപോകുന്ന റോഡുള്ളത്. വൈകുന്നേരങ്ങളിൽ വിദ്യാർഥികളുൾപ്പെടെ ബസ് കാത്തുനിൽക്കുന്ന സ്ഥലംകൂടിയാണിത്.
വലിയകുഴി രൂപപ്പെട്ട ഭാഗത്ത് ഫ്ലക്സുകളും കയറുകളും വെച്ച് ഇടിഞ്ഞഭാഗം വേർതിരിച്ചിരുന്നു. എന്നാൽ, കാറ്റിൽ ഫ്ലക്സുകൾ മറിഞ്ഞ് താഴെവീണ സ്ഥിതിയാണ്. കയറുകളും യഥാസ്ഥാനത്തല്ല. ഇതുവഴി പൊട്ടിയ സ്ലാബുകളിൽച്ചവിട്ടി ആളുകൾ നടക്കുന്നുണ്ട്. ഇതും അപകട ഭീഷണിയുയർത്തുകയാണ്. ബാക്കിയുള്ള ഭാഗവും ഇടിഞ്ഞുതാഴാനുള്ള സാധ്യതയുണ്ട്. പഴയ ബസ്‌സ്റ്റാൻഡിലെ യാർഡിൽ പലഭാഗങ്ങളിലും ചെറിയകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കാൽനടയാത്രക്കാർ ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ ഇവയിൽ കാലകപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. യാർഡ് തുടങ്ങുന്നതിനുസമീപത്തെ ഹൈമാസ്റ്റ് ലൈറ്റിനു സമീപത്തും ചെറിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പഴയ ബസ്‌സ്റ്റാൻഡിൽ കാൽനടയാത്രക്കാർക്ക് ഭീഷണിയാവുന്ന കുഴിക്കൾ അടക്കാൻ നടപടിയെടുക്കണ മെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.