51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍; 26കാരനായ ഭര്‍ത്താവിന് ജാമ്യം

news image
Sep 5, 2022, 3:29 am GMT+0000 payyolionline.in

കൊച്ചി: ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖ കുമാരി (51)നെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇരുപത്തിയാറുകാരനായ ഭർത്താവ് അരുണിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 

50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്താണ് ജാമ്യം നല്‍കിയത്. 2020 ഒക്ടോബറിലാണ് ശാഖ കുമാരിയെ അരുണ്‍ വിവാഹം കഴിച്ചത് . ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് ഭാര്യ വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബര്‍ 26നാണ് കൊലപാതകം നടന്നത്.

 

നെയ്യാറ്റിന്‍കരയില്‍ ബ്യുട്ടി പാർലർ നടത്തി വരികയായിരുന്ന ശാഖ നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. രണ്ട് വർഷം മുമ്പാണ് നെയ്യാറ്റിൻകര സ്വദേശി അരുണുമായി ഇവർ സൗഹൃദത്തിൽ ആകുന്നത്. പ്രായം കുറവുള്ള അരുണും മധ്യവയസ്കയായ ശാഖയും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ പുറത്ത് വന്നത് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ സൃഷിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നൽകിയിരുന്നു.

അറസ്റ്റിലായ അരുണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, കുറ്റപത്രം നല്‍കിയത് ചൂണ്ടിക്കാണിച്ച് മജിസ്‌ട്രേട്ട് കോടതി ജാമ്യം നല്‍കി. ഇതിനെതിരേ പ്രോസിക്യൂഷനും ശാഖാകുമാരിയുടെ കുടുംബവും ഹര്‍ജി നല്‍കി. തുടര്‍ന്ന് സെഷന്‍സ് കോടതി ജാമ്യം റദ്ദാക്കി. അരുണ്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. ഇതും ശാഖാകുമാരിയുടെ കുടുംബത്തിന്റെ ഹര്‍ജിയും സിംഗിള്‍ ബെഞ്ച് ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവെച്ചു.

പത്തുദിവസത്തിനകം ജാമ്യത്തിനായി സെഷന്‍സ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതുവരെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അരുണ്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe