5 ദിവസത്തിനകം മെഡിക്കല്‍ കോളേജുകളില്‍ സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണം: ആരോഗ്യ വകുപ്പ് നിർദ്ദേശം

news image
May 20, 2023, 1:13 pm GMT+0000 payyolionline.in

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഓരോ മെഡിക്കല്‍ കോളേജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാറം സംവിധാനം സ്ഥാപിക്കണം. അറിയിപ്പ് നല്‍കുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടന്‍ സ്ഥാപിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതലുകൾ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.

സെക്യൂരിറ്റി ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കണം. രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഒരുക്കണം. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തില്‍ 2 പേര്‍ മാത്രം. സാഹചര്യമനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം അധികമായി ഒരാളെക്കൂടി അനുവദിക്കാം. ആശുപത്രി സുരക്ഷയ്ക്കായി ഒരു നമ്പര്‍ എല്ലാവര്‍ക്കും നല്‍കുകയും പ്രദര്‍ശിപ്പിക്കുകയും വേണം. രോഗികളും ആശുപത്രി ജീവനക്കാരുമായി സൗഹാര്‍ദപരമായ അന്തരീക്ഷം ഉണ്ടാകണം. ആശുപത്രികളില്‍ ആക്രമണം ഉണ്ടായാല്‍ അത് തടയുന്നതിന് സുരക്ഷാ സംവിധാനം അടിയന്തരമായി പ്രവര്‍ത്തിക്കണം.സുരക്ഷ ഉറപ്പാക്കാനായി ആശുപത്രിക്ക് അകത്തും പുറത്തും പോകാനുമായി ഏകവാതില്‍ സംവിധാനം വേണം. സുരക്ഷ ഉറപ്പാക്കാന്‍ വാക്കി ട്വാക്കി സംവിധാനം ഏര്‍പ്പെടുത്തും. ഇടനാഴികകളില്‍ വെളിച്ചവും സുരക്ഷാ സംവിധാനവും ഉറപ്പാക്കണം. സെക്യൂരിറ്റി ജീവനക്കാര്‍ പട്രോളിംഗ് നടത്തണം. മോക് ഡ്രില്‍ നടത്തി സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

00:00/02:00

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe